മന്ത്രിയെ വിളിച്ചാൽ കറന്റ് എപ്പോൾ വരുമെന്ന് അറിയാം’; കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ ഫോൺ നമ്പർ നൽകിയ ജീവനക്കാരനെതിരെ അന്വേഷണം




തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്നതിന്റെ സമയമറിയാൻ വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രിയുടെ ഫോൺ നമ്പർ നൽകിയ സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരനെതിരെ അന്വേഷണം. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചയാളോടാണ് ‘മന്ത്രിയെ വിളിച്ചാൽ കറന്റ് എപ്പോൾ വരുമെന്ന് അറിയാം’ എന്ന് പറഞ്ഞ് മന്ത്രിയുടെ നമ്പർ നൽകിയതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വെളിപ്പെടുത്തി.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾ സർക്കാരിന്റെ പ്രയാസങ്ങൾ കൂടി മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സോളാർ വൈദ്യുതി സംഭരിക്കുന്നതിനുള്ള സംവിധാനം നിലവിൽ പരിമിതമാണെന്നും ഒക്ടോബറോടെ സ്റ്റോറേജ് സംവിധാനം പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന ഫീഡർ തലത്തിൽ തന്നെ മുൻകൂട്ടി വിവരം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കും.


ഈ സംവിധാനം നാളെ മുതൽ നിലവിൽ വരും. വൈദ്യുതി നിയന്ത്രണത്തിന്റെ കൃത്യമായ സമയം മുൻകൂട്ടി പറയാൻ കഴിയില്ലെങ്കിലും ഏകദേശ സമയം അറിയിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി



Post a Comment

Previous Post Next Post