കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്ക്കായി വീട്ടില്‍ അന്ത്യകർമ്മങ്ങള്‍ നടത്തി.55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെയാണ് അമ്മ രേഷ്മ ദുഃഖത്തോടെ അന്ത്യകർമ്മങ്ങള്‍ നടത്തിയത്. മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഗൗതം കൃഷ്ണയുടെ രൂപം തടിയില്‍ കൊത്തിയെടുത്താണ് ചടങ്ങുകള്‍ പൂർത്തിയാക്കിയത്.
അന്ത്യകർമ്മങ്ങള്‍ക്ക് ശേഷം തടിയില്‍ തീർത്ത മകന്റെ രൂപം ചിതയില്‍ ദഹിപ്പിച്ചു. മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഏറെനാള്‍ കാത്തിരുന്നെങ്കിലും ആ പ്രതീക്ഷയ്ക്ക് വിരാമമിട്ടാണ് രേഷ്മ മകന്റെ മരണമായി കണക്കാക്കി ചടങ്ങുകള്‍ നടത്തിയത്.
കടലിലെ അപകടത്തില്‍ രേഷ്മയ്ക്ക് ഭർത്താവിനെയും അച്ഛനെയും നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ മകനെയും നഷ്ടപ്പെട്ടതോടെ കുടുംബത്തെ തേടിയെത്തിയ ദുരന്തത്തിന്റെ വേദനയിലാണ് രേഷ്മ.
കടലില്‍ കാണാതായ മകനെ കണ്ടെത്തുന്നതില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരെ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അടക്കം വിഷയത്തില്‍ ഇടപെടുകയും, പിന്നീട് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
Post a Comment