മൂന്ന് ദിവസത്തെ പണിമുടക്ക്; വരുന്ന ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും, ഉത്തരവിറക്കി


ഡല്‍ഹി: സെപ്തംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഉത്തരവിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) അനുമതി നല്‍കിയതായി ധനമന്ത്രാലയം അറിയിച്ചു.28-ാം തീയതിമുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
സെപ്തംബർ 28 മുതല്‍ 30 വരെയാണ് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തൊട്ടുമുൻപുള്ള രണ്ടുദിവങ്ങള്‍ നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാല്‍ അഞ്ച് ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക, ഗ്രാമീണ ബാങ്കുകളും സാധാരണനിലയില്‍ പ്രവർത്തിക്കുമെന്നും സർക്കാർ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
പണിമുടക്ക് കാലയളവിലും മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റർ‌നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാം. ശനിയാഴ്ച പൂർണ അവധി നല്‍കി ആഴ്ചയില്‍ അഞ്ചുദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കുക എന്നതാണ് യുഎഫ്ബിയുടെ പ്രധാന ആവശ്യം. നേരത്തെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഉഭയകക്ഷി ചർച്ചകളിലൂടെ പുതുക്കിയ പിഎല്‍ഐ പദ്ധതി പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

Post a Comment

Previous Post Next Post