നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി


മലപ്പുറം: നിലമ്പൂർ ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.ടികെ കോളനി സ്വദേശിയായ സജിതയുടെ (27) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പെട്ടെന്ന് പാറകള്‍ക്കിടയിലൂടെ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ഇതിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ എടരിക്കോട് മങ്ങാടൻ അനസ് യാസീൻ (31), തിരൂർ പടന്നപ്പറമ്പൻ മുഹമ്മദ് കുട്ടി (65), വണ്ടൂർ ചെട്ടിയാർ എംഎല്‍ കുറുപ്പത്ത് റഫീഖ് (39), കരുവാരക്കുണ്ട് സ്രാമ്പിക്കല്‍ റഹീം (45), വണ്ടൂർ കുപ്പനത്ത് സജാദ് (23) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ജലനിരപ്പ് ഉയർന്നതോടെ നിരവധിപേർ പുഴയില്‍ കുടുങ്ങിയിരുന്നെങ്കിലും നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പല ഭാഗങ്ങളിലും ആളുകള്‍ക്ക് രക്ഷപ്പെടാൻ കഴിയാതെ കുടുങ്ങി കിടന്നു. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.

Post a Comment

Previous Post Next Post