ആലക്കോട് വഴിയോരക്കച്ചവടത്തെച്ചൊല്ലി സംഘർഷം; വ്യാപാരിക്ക് മർദനം

 

 


ആലക്കോട്: കടയ്ക്ക് സമീപം വാഹനം നിർത്തിയിട്ടുള്ള പഴവർഗ്ഗ വിൽപ്പന ചോദ്യം ചെയ്ത വ്യാപാരിക്ക് നേരെ മർദനം. ആലക്കോട് ടൗണിൽ സ്കൂളിന് സമീപത്തായി ഉച്ചയോടെയായിരുന്നു സംഘർഷഭരിതമായ സംഭവം അരങ്ങേറിയത്.

ടൗണിൽ നടക്കുന്ന അനധികൃത കച്ചവടത്തെ സമീപത്തെ ഫ്രൂട്ട്സ് വ്യാപാരി ചോദ്യം ചെയ്യുകയും വാഹനം അവിടെനിന്ന് മാറ്റിയിടാൻ ആവശ്യപ്പെടുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഇതിനെത്തുടർന്ന് പുറത്തുനിന്നെത്തിയ സംഘം ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു. മർദനത്തിൽ വ്യാപാരിക്ക് പരിക്കേറ്റു. തുടർന്ന് സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ആലക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ടൗണിലെ അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണമെന്ന് വ്യാപാരി സമൂഹം ആവശ്യപ്പെട്ടു. ഇത്തരം അനധികൃത കച്ചവടങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും തടയുമെന്നും കെ.വി.വി.ഇ.എസ് (KVVES) യൂത്ത് വിംഗ് ആലക്കോട് യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കി.


Post a Comment

Previous Post Next Post