കൊച്ചി: കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.തൃശൂർ മണ്ണൂത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസില്‍ ആൻ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ സുഹൃത്ത് കോട്ടയം സ്വദേശിനി അനില ബേബി സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലാണ്.
അഞ്ജനയുടെ മൃതദേഹം പീച്ചിയിലെ ഭർത്താവിന്റെ വീട്ടിലെത്തിച്ചതിനുശേഷം സ്വദേശമായ മുടിക്കോട്ടേയ്ക്ക് കൊണ്ടുപോകും. ആൻ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം ഇന്ന് വൈകിട്ടോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റ് 28ന് കാലിഫോർണിയയിലെ മില്‍പിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ ഫ്ലാറ്റില്‍ നിന്ന് താഴേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കാർ നിറുത്താതെ പോയി. ഇളയമകളെ സ്‌കൂളില്‍ നിന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിയെ ജേക്കബ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് ബാത്ത്‌റൂമില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനിയും ഭർത്താവ് ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലായിരുന്നു താമസം. ആൻഡ്രീന (10 വയസ്), അലീസാ (5 വയസ്) എന്നിവരാണ് മക്കള്‍. അഞ്ജനയും ഭർത്താവ് വിജീഷും എട്ടുവർഷമായി കാലിഫോർണിയയിലായിരുന്നു. ഏകമകള്‍: വാമിക.
Post a Comment