ചെറുപുഴ: യാത്രയ്ക്കിടെ നഷ്ടപ്പെട്ട പഴ്സിലെ പണം പോയെങ്കിലും, വിലപ്പെട്ട രേഖകൾ തിരികെ കിട്ടിയ ആശ്വാസത്തിലാണ് നീലേശ്വരം സ്വദേശിയായ വെൽഡിങ് തൊഴിലാളി രാജീവൻ. പഴ്സ് തട്ടിയെടുത്ത മോഷ്ടാവ് പണം മാത്രം കൈക്കലാക്കി, എടിഎം കാർഡുകളും തിരിച്ചറിയൽ രേഖകളും അടങ്ങിയ പഴ്സ് തപാൽപെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു.
പയ്യന്നൂരിലേക്ക് ജോലിക്കായി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് രാജീവന്റെ പഴ്സ് മോഷണം പോയത്. ബസിൽ വിശദമായി തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഇദ്ദേഹം പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. 1,500 രൂപയും മൂന്ന് എടിഎം കാർഡുകളും പാൻ കാർഡ്, ആധാർ കാർഡ്, ചികിത്സാരേഖകൾ എന്നിവയുമാണ് പഴ്സിൽ ഉണ്ടായിരുന്നത്.
പയ്യന്നൂരിൽ വെച്ച് മോഷണം നടത്തിയെങ്കിലും, ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ചെറുപുഴയിലെത്തിയ ശേഷമാണ് കള്ളൻ പഴ്സ് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചത്. തപാൽപെട്ടി തുറന്നപ്പോൾ പഴ്സ് കണ്ടെത്തിയ പോസ്റ്റ്മാൻ ഉടൻ തന്നെ ഇത് പോസ്റ്റ്മാസ്റ്ററെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ് ഓഫീസിൽ നിന്ന് രാജീവനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ജോലിത്തിരക്കുകൾ ഉള്ളതിനാൽ വരും ദിവസങ്ങളിൽ നേരിട്ടെത്തി രേഖകൾ കൈപ്പറ്റാമെന്ന് അദ്ദേഹം അറിയിച്ചു. രേഖകൾ തിരികെ ലഭിക്കാൻ വഴിതുറന്ന കള്ളന്റെ ഈ 'മാന്യത' ഇപ്പോൾ നാട്ടുകാർക്കിടയിൽ കൗതുകമായിരിക്കുകയാണ്.

Post a Comment