പ്രിയദര്‍ശിനി! ബസ് സര്‍വീസ് ഷെഡ്യൂളില്‍ മാറ്റം വരുത്താൻ വിദഗ്ധ സമിതിയുടെ ശുപാര്‍ശ


കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ വലിയ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിന് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചു

മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായുള്ള സമിതിയാണ് സ്വകാര്യ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക ശുപാർശകള്‍ സമർപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രിയദർശിനി സർവീസുകളുടെ നിലവിലെ ഷെഡ്യൂളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്.
സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമേകുന്ന നിരവധി പ്രധാന നിർദ്ദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം സ്വകാര്യ ബസുകള്‍ സർക്കാരിന് പാട്ടത്തിന് എടുക്കാം എന്ന നിർദ്ദേശമാണ്. ബസുകള്‍ പാട്ടത്തിന് നല്‍കാൻ തയ്യാറാണെന്ന് ബസുടമകളും നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ പാട്ടത്തിനെടുക്കുന്ന ബസുകള്‍ക്ക് കിലോമീറ്ററിന് നിശ്ചിത നിരക്കില്‍ തുക നല്‍കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഏറ്റവും അധികം പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത്.
കഴിഞ്ഞ ജൂണ്‍ 15-നാണ് കെഎസ്‌ആർടിസി പ്രിയദർശിനി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. ഇതേത്തുടർന്ന് 500-ഓളം ബസുകള്‍ പൂർണമായി സർവീസ് നടത്തിയെങ്കിലും സ്വകാര്യ മേഖല വൻ വരുമാന നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. നിലവിലുള്ള 11,000 സ്വകാര്യ ബസുകളില്‍ പകുതിയോളം ഇപ്പോള്‍ എല്ലാ സർവീസുകളും നടത്തുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ കെഎസ്‌ആർടിസിക്ക് നല്‍കുന്നത് പോലെ സാമ്പത്തിക സഹായം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബസുടമകള്‍ സർക്കാരുമായി ചർച്ച നടത്തിയിരുന്നു. വിവിധ ജില്ലകളില്‍ സിറ്റിംഗുകള്‍ നടത്തി ബസുടമകളുടെ വാദങ്ങള്‍ കേട്ട ശേഷമാണ് സമിതി ഇപ്പോള്‍ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post