ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറില്‍ വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം.വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ് മരണപ്പെട്ടത്. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്കായി ഒരുക്കുന്ന സമൂഹസദ്യയുടെ പാചകപ്പുരയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
ഞായറാഴ്ച രാവിലെ പാചകപ്പുരയില്‍ മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം സദ്യ ഒരുക്കുന്നതില്‍ സഹായിക്കുകയായിരുന്നു സുജാത. ജോലി ചെയ്യുന്നതിനിടയില്‍ കാലിടറി സുജാത സമീപത്തുള്ള വലിയ പത്രങ്ങളിലെ തിളച്ച സാമ്പാറിലേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടൻ പാചകപ്പുരയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുജാതയെ പാത്രത്തില്‍ നിന്നും പുറത്തെടുക്കുകയും ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അതിഗുരുതരമായി പൊള്ളലേറ്റതിനാല്‍ ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
Post a Comment