വണ്ടി വേണ്ട, വള്ളം മതി! സ്ത്രീ-പുരുഷ ഭേദമില്ല, എല്ലാവർക്കും ഫ്രീ; ആലക്കോട് - കരുവൻചാൽ റോഡിലെ 'വാട്ടർ തീം പാർക്കിൽ' മുങ്ങിത്തപ്പി യാത്രക്കാർ



ആലക്കോട്: ആലക്കോട് മുതൽ കരുവൻചാൽ വരെയുള്ള റോഡിൽ ശാസ്ത്രീയമായ രീതിയിൽ കാനകൾ ഇല്ലാത്തതിനെ തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

മഴവെള്ളം ഒഴുകിപ്പോകാൻ റോഡിന്റെ ഇരുവശങ്ങളിലും ശരിയായ രീതിയിൽ ഓടകൾ (കാന) നിർമ്മിക്കാത്തതാണ് പ്രധാന പ്രശ്നം.  ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ ഇതുവഴി പോകുന്ന എല്ലാ വണ്ടിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഈ ദുരവസ്ഥ സൃഷ്ടിക്കുന്നത്. വെള്ളക്കെട്ട് കാരണം പലപ്പോഴും കുഴികൾ കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയാണ് 

വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് ഇതുവരെ ശാശ്വതമായ ഒരു പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഓരോ മഴക്കാലത്തും യാത്രക്കാർ ഈ ദുരിതം പേറേണ്ട ഗതികേടിലാണ്. എത്രയും വേഗം റോഡിന് വശങ്ങളിൽ കാനകൾ നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.

Post a Comment

Previous Post Next Post