2026 ലോകകപ്പിനിടെ മെസ്സിക്ക് നേരെ ഭീകരാക്രമണ ഭീഷണി; 'ബോംബെറിഞ്ഞ് കൊല്ലാന്‍' പദ്ധതിയിട്ടെന്ന് പോലീസ് റിപ്പോര്‍ട്ട് ; ക്രിസ്ത്യാനോ റൊണാള്‍ഡോയും എംബാപ്പേയും ഭീഷണിയില്‍


ന്യുയോര്‍ക്ക് : സ്‌പെയിന്‍ കപ്പുയര്‍ത്തിയ ലോകകപ്പിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്ക് നേരെ ഭീകരാക്രമണ ഭീഷണികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്.ഇതിഹാസ താരത്തെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കാണിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ കിട്ടിയിരുന്നതായി വ്യക്തമാക്കുന്ന പോലീസ് ഡേറ്റയാണ് പുറത്തുവന്നിരിക്കുന്നത്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോ അടക്കം ടൂര്‍ണമെന്റിലുടനീളം ആക്രമണ ഭീഷണികള്‍ നേരിട്ട കളിക്കാരുടെ പട്ടികയിലായിരുന്നു മെസ്സിയും.

ചോര്‍ന്ന പോലീസ് ഡാറ്റ ഉദ്ധരിച്ച്‌ ഒരു സ്പാനിഷ് പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂണ്‍ 28-ന് ജോര്‍ദാനെതിരായ അര്‍ജന്റീനയുടെ മത്സരത്തിന് തൊട്ടുമുമ്പാണ്. ടെക്‌സാസിലെ ഡള്ളാസ് സ്റ്റേഡിയത്തിലേക്ക് ബോംബുകളുമായി ഒരാള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട് വന്നു. ഡള്ളാസ് വിമാനത്താവളത്തിലേക്ക് വിളിച്ചയാള്‍, താനും മറ്റ് രണ്ടുപേരും നാടന്‍ ബോംബുകളും സെമി-ഓട്ടോമാറ്റിക് റൈഫിള്‍ തോക്കുമായി പോലീസ് ഉദ്യോഗസ്ഥരെയും ഇരു ടീമുകളിലെയും കളിക്കാരെയും ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന് അറിയിച്ചു.

ആക്രമണകാരി 'ലയണല്‍ മെസ്സിയെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു' എന്നും പോലീസ് രേഖകളില്‍ പറയുന്നു. ജൂലൈ 7-ന് അര്‍ജന്റീനയും ഈജിപ്തും തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ മെസ്സിയെ 'ബോംബെറിഞ്ഞു തകര്‍ക്കും' എന്ന് മറ്റൊരു ഭീഷണി എക്‌സിലൂടെ (ട്വിറ്റര്‍) ഉയര്‍ന്നു. 'താന്‍ അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോകുകയാണെന്നും ശരീരത്തില്‍ അറ്റാച്ച്‌ ചെയ്ത നാല് ബോംബുകള്‍ ഉപയോഗിച്ച്‌ മെസ്സിയെ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും എക്‌സില്‍ ഈ ഉപയോക്താവ് കുറിക്കുകയുണ്ടായി.

അതേ ദിവസം തന്നെ ഉയര്‍ന്ന മറ്റൊരു ഭീഷണിയില്‍, സ്റ്റേഡിയത്തിലെ മൂന്ന് ചവറ്റുകുട്ടകളില്‍ താന്‍ 'മൂന്ന് ബോംബുകള്‍' വെച്ചിട്ടുണ്ടെന്ന് കാണിച്ച്‌ പോലീസിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് ഈ ഗുരുതരമായ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മത്സരസമയത്തും അതിനുശേഷവും എക്‌സ്‌പ്ലോസീവ് സ്‌പെഷ്യലിസ്റ്റുകളും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സമഗ്രമായ തിരച്ചില്‍ നടത്തി.

മെസ്സി മാത്രമല്ല, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയര്‍ എന്നിവരും 2026 ഫിഫ ലോകകപ്പിനിടെ കടുത്ത അധിക്ഷേപങ്ങള്‍ക്കും ശല്യപ്പെടുത്തലുകള്‍ക്കും ഇരയായി. റൊണാള്‍ഡോയാണ് ടൂര്‍ണമെന്റിലുടനീളം ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത്. ഹൂസ്റ്റണിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും കാനഡയില്‍ വെച്ച്‌ ഒരു ആരാധകന്‍ റൊണാള്‍ഡോയോടൊപ്പം എലിവേറ്ററില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

പരാഗ്വേ ഗോള്‍കീപ്പറുമായുള്ള കടുത്ത തര്‍ക്കത്തിന് ശേഷം കിലിയന്‍ എംബാപ്പെ വംശീയവും വിദേശവിരുദ്ധവുമായ അധിക്ഷേപങ്ങള്‍ക്ക് ഇരയായി. ജൂലൈ 4-ന് ഫ്രാന്‍സ് പരാഗ്വേയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയതിന് ശേഷം പരാഗ്വേ ആരാധകര്‍ എംബാപ്പെയുടെ രൂപക്കൂട് കത്തിക്കുകയും ചെയ്തു. അര്‍ജന്റീനയോട് ഈജിപ്ത് തോറ്റ വിവാദപരമായ റൗണ്ട് ഓഫ് 16 മത്സരത്തിന് ശേഷം റഫറി ലെറ്റെക്‌സിയറുടെ വ്യക്തിഗത വാട്ട്സ്‌ആപ്പിലേക്ക് 6,000-ത്തിലധികം സന്ദേശങ്ങളാണ് വന്നത്.

നോര്‍വീജിയന്‍ താരം അലക്‌സാണ്ടര്‍ സോര്‍ലോത്തിനും (അറ്റ്‌ലറ്റിക്കോ ഡി മാഡ്രിഡ്) അദ്ദേഹത്തിന്റെ ഭാര്യക്കും ഗോള്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് ഭീഷണികള്‍ ലഭിച്ചു. കൊളംബിയന്‍ താരം ജാമിന്റണ്‍ കാമ്പാസ്, ഫ്രഞ്ച് ഡിഫന്‍ഡര്‍ ലൂക്കാസ് ഡിഗ്‌നെ എന്നിവരും തങ്ങളുടെ കളിരീതിയുടെ പേരില്‍ ഭീഷണികള്‍ നേരിട്ടു.

Post a Comment

Previous Post Next Post