ആലക്കോട്: ഉച്ചയ്ക്കു ശേഷം ശാന്തമായിരുന്ന അന്തരീക്ഷത്തെ മാറ്റിമറിച്ച് ആലക്കോട് മലയോര മേഖലയിൽ കഴിഞ്ഞ ഒരു മണിക്കൂറിനിടെ പെയ്തിറങ്ങിയത് അതിശക്തമായ പേമാരി. ആലക്കോട് ടൗണിന് പുറമെ കരുവഞ്ചാൽ, തേർത്തല്ലി, മണക്കടവ്, റയ്യരോം, വയട്ടുപറമ്പ് തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം അപ്രതീക്ഷിതമായി അതിശക്തമായ മഴയാണ് ലഭിച്ചത്.
തീവ്രമഴയെത്തുടർന്ന് ആലക്കോട് – കരുവഞ്ചാൽ റോഡിൽ പലയിടങ്ങളിലും വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം പൂർണ്ണമായും ദുഷ്കരമായി. റോഡരികിൽ മഴവെള്ളം ഒഴുകിപ്പോകാൻ മതിയായ ഓവുചാലുകൾ (കാനകൾ) ഇല്ലാത്തതാണ് അല്പം മഴ പെയ്യുമ്പോഴേക്കും പ്രധാന പാതയിൽ വെള്ളം നിറയാൻ കാരണമാകുന്നത്. കാനകൾ ഇല്ലാത്തതിനാൽ മലവെള്ളം റോഡിലൂടെ കുത്തിയൊലിക്കുകയാണ്.
വെള്ളക്കെട്ട് കാരണം റോഡിലെ കുഴികൾ തിരിച്ചറിയാനാകാതെ ഇരുചക്ര വാഹന യാത്രികരും ചെറുവാഹനങ്ങളും നിരന്തരം അപകടഭീഷണിയിലാണ് കടന്നുപോകുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് അറുതി വരുത്താൻ ഇനിയെങ്കിലും അധികൃതർ ഇടപെട്ട് ശാസ്ത്രീയമായ രീതിയിൽ കാനകൾ നിർമ്മിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ശക്തമായി ആവശ്യപ്പെടുന്നു. മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇതുവഴിയുള്ള യാത്രക്കാർ സൂക്ഷിക്കുക
Post a Comment