ആലക്കോട് : ആലക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സീബ്രാ ലൈൻ കടക്കാൻ നിന്ന വിദ്യാർത്ഥികൾക്ക് നേരെ വാഹനം മുന്നോട്ടെടുത്ത റിട്ടയേർഡ് കായിക അധ്യാപകനെതിരെ പോലീസ് നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് തടഞ്ഞിട്ടും ഇയാൾ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നാടകീയമായ ഈ സംഭവം നടന്നത്. ക്ലാസുകൾ കഴിഞ്ഞ് സ്കൂൾ വിട്ട് പുറത്തേക്കിറങ്ങിയ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാ ലൈനിൽ നിൽക്കുകയായിരുന്നു. ഈ സമയം അതുവഴി ഒരു വെള്ള കാറിലെത്തിയ ഇയാൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന കുട്ടികളുടെ അടുത്തേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതുകണ്ട് വാഹനം നിർത്താൻ ഹോം ഗാർഡ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ വീണ്ടും കാർ മുന്നോട്ട് എടുക്കുകയായിരുന്നു.
തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം ഇയാൾ ആലക്കോട് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകിയിരുന്ന റിട്ടയേർഡ് കായിക അധ്യാപകൻ ടി.ജി. പ്രഭാകരനാണ് വാഹനം ഓടിച്ചിരുന്നത്. സ്റ്റേഷനിൽ ഹാജരായ ഇയാളെ പോലീസ് പിഴ അടപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു.
കുട്ടികൾ റോഡ് മുറിച്ചുകടക്കാതെ നിന്നതുകൊണ്ടാണ് താൻ കാർ അവരുടെ അടുത്തേക്ക് എടുത്തത് എന്നാണ് ഇയാളുടെ വിശദീകരണം. കുട്ടികൾക്ക് അച്ചടക്കവും സുരക്ഷാബോധവും പകർന്നുനൽകേണ്ട ഒരു കായിക അധ്യാപകൻ തന്നെ ഇത്തരത്തിൽ തികഞ്ഞ അശ്രദ്ധയോടെ വാഹനം ഓടിച്ചത് കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനും കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

Post a Comment