പൂപ്പാടങ്ങൾ കാണാൻ സൗജന്യയാത്ര; ഗുണ്ടൽപേട്ട് ബസുകളിൽ ഇടംപിടിക്കാൻ തിക്കിത്തിരക്കി പെൺപട



ഓണക്കാലം അടുത്തതോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഗുണ്ടൽപേട്ട് പൂപ്പാടങ്ങൾ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. ഇതോടെ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച്, സ്ത്രീകളാണ് യാത്രക്കാരിൽ ഭൂരിഭാഗവും. 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ അയൽജില്ലകളിൽ നിന്നുപോലും നിരവധി സ്ത്രീകളാണ് സുൽത്താൻ ബത്തേരി വഴി ഗുണ്ടൽപേട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അവധിദിനമായിരുന്ന ഓഗസ്റ്റ് 12-ന് ബത്തേരി സ്റ്റാൻഡിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഗുണ്ടൽപേട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറാനായി ഇരുന്നൂറോളം പേരാണ് എത്തിയത്. എന്നാൽ, പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നത് അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ബസ് ജീവനക്കാർ യാത്ര തിരിക്കാൻ വിസമ്മതിച്ചു. തുടർന്ന് പോലീസും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു. ഒടുവിൽ, വഴിമധ്യേ മറ്റ് സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ കയറ്റില്ലെന്ന കർശന വ്യവസ്ഥയിൽ 134 യാത്രക്കാരുമായി ബസ് ഗുണ്ടൽപേട്ടിലേക്ക് പുറപ്പെട്ടു.

കഴിഞ്ഞ രണ്ടാഴ്ചയായി ബത്തേരി ഡിപ്പോയിൽ സമാനമായ സാഹചര്യമാണുള്ളത്. നിലവിൽ കൽപ്പറ്റയിൽ നിന്നുള്ള ഒരു ബസ് ഉൾപ്പെടെ മൂന്ന് ബസുകളിലായി എട്ട് സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഗുണ്ടൽപേട്ടിലേക്ക് നടത്തുന്നത്. വരുംദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് അധികൃതർ വിലയിരുത്തുന്നു.

Post a Comment

Previous Post Next Post