ദുബായ്: മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖലയിലെ പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. വ്യോമപാത നിയന്ത്രണങ്ങൾ, കുതിച്ചുയരുന്ന ഇന്ധനവില, സർവീസുകളുടെ കുറവ് എന്നിവ മൂലം യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരക്കുകൾ ഉടൻ സാധാരണ നിലയിലാകാൻ സാധ്യത കുറവാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അനുകൂല സാഹചര്യമുണ്ടായാൽ പോലും ഈ വർഷത്തെ ആഗോള വിമാന നിരക്കുകൾ പ്രതീക്ഷിച്ചതിലും 5 മുതൽ 10 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. പ്രതിസന്ധി നീളുകയാണെങ്കിൽ നിരക്കിൽ വീണ്ടും വലിയ വർധനവുണ്ടാകും.
കേരളത്തിൽ സർവീസുകൾ താളംതെറ്റുന്നു
കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവീസുകൾ വലിയ തോതിൽ വൈകുന്നതും അവസാന നിമിഷം റദ്ദാക്കുന്നതും പതിവാകുകയാണ്. സ്പൈസ്ജെറ്റ്, എയർ ഇന്ത്യ, എയർ അറേബ്യ തുടങ്ങിയ വിവിധ എയർലൈൻസുകളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാരാണ് വലയുന്നത്. സ്കൂൾ തുറക്കുന്നതും അവധിക്കാലവും പ്രമാണിച്ച് നാട്ടിൽ നിന്ന് യു.എ.ഇ അടക്കമുള്ള ഗൾഫ് നാടുകളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയുമാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ആഗോള തലത്തിലും പ്രത്യാഘാതം
ലോകത്തെ പ്രധാന ട്രാൻസിറ്റ് ഹബ്ബുകളായ ദുബായ്, അബുദാബി വിമാനത്താവളങ്ങളിലെ പ്രതിസന്ധി ആഗോള യാത്രാമേഖലയെയും സാരമായി ബാധിക്കുന്നുണ്ട്:
* ആഗോള ട്രാൻസിറ്റ് യാത്രക്കാരുടെ ഏകദേശം 14 ശതമാനവും ഗൾഫ് വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.
* യൂറോപ്പ്-ഏഷ്യ റൂട്ടിലെ 20 ശതമാനത്തോളം കണക്റ്റിവിറ്റിയും ഗൾഫ് മേഖല വഴിയാണ്.
* വ്യോമപാത നിയന്ത്രണങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് ക്രമാതീതമായി വർധിപ്പിക്കുന്നു.
സീറ്റുകളുടെ ലഭ്യതയിലുണ്ടാകുന്ന കടുത്ത ക്ഷാമവും റൂട്ടുകളിലെ വഴിതിരിച്ചുവിടലും കാരണം, വ്യോമപാതകൾ പൂർണ്ണമായി തുറന്നുകൊടുത്താലും ടിക്കറ്റ് നിരക്കുകൾ പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post a Comment