യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശി അഖിലിന്റെ സംസ്കാരം തിങ്കളാഴ്ച



വെള്ളരിക്കുണ്ട്: യുക്രൈനിൽ ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി വാലിപ്ലാക്കൽ അഖിൽ ജോയന്റെ (26) സംസ്കാരം തിങ്കളാഴ്ച നടക്കും.

യുക്രെയ്നില്‍നിന്നു മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും.
23നു ബംഗളൂരുവിലെത്തിക്കുന്ന മൃതദേഹം 24ന് ആംബുലന്‍സിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുക. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും നോര്‍ക്കയില്‍നിന്നും ജില്ലാ കളക്ടര്‍ക്കു ലഭിച്ചു. ജൂലൈ 20നാണ് അഖില്‍ കൊല്ലപ്പെട്ട വിവരം അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം വെള്ളരിക്കുണ്ടിലെ സ്വവസതിയിൽ എത്തിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി ഉച്ചയ്ക്ക് 2.30 മുതൽ 3 മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി മുറ്റത്ത് പ്രത്യേക പന്തലിൽ സൗകര്യമൊരുക്കും. തുടർന്ന് 3 മണിക്ക് ദേവാലയത്തിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

വെള്ളരിക്കുണ്ടിലെ ജോയൻ–സാലി ദമ്പതികളുടെ ഏകമകനാണ് അഖിൽ. ഒരു മാസം മുൻപ് വിവാഹം ഉറപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചതായിരുന്നു. ഒഡേസ തീരത്ത് 'ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിലാണ് അഖിൽ ഉൾപ്പെടെയുള്ള ജീവനക്കാർ കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post