മിനിലോറി പെട്ടെന്ന് ബ്രേക്കിട്ടു; ഇരുമ്പ് പൈപ്പുകള്‍ തെറിച്ച്‌ ബൈക്ക് യാത്രികന്റെ ദേഹത്ത് തുളച്ചുകയറി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം


തൃശൂർ: മിനിലോറിയില്‍ നിന്ന് കെട്ടഴിഞ്ഞ് തെറിച്ചുവീണ ഇരുമ്പ് പൈപ്പുകള്‍ ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം.കുട്ടനെല്ലൂർ സ്വദേശി ഷെറിനാണ് മരിച്ചത്. തൃശൂർ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലായിരുന്നു ഞെട്ടിക്കുന്ന അപകടം.
ഇരുമ്പ് പൈപ്പുകള്‍ കയറ്റിപ്പോകുകയായിരുന്ന മിനിലോറി പൊടുന്നനെ ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടർന്ന് മുന്നിലൂടെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ വേഗം കുറയ്‌ക്കുകയായിരുന്നു.ഇതിന് തൊട്ടുപിന്നാലെ ഇരുമ്പ് സ്ക്വയർ പൈപ്പുകള്‍ കയറ്റിയെത്തിയ മിനിലോറി ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടു. ബ്രേക്കിന്റെ ആഘാതത്തില്‍ ലോറിയില്‍ ഉറപ്പിച്ച്‌ കെട്ടിയിരുന്ന ഇരുമ്പ് പൈപ്പുകളുടെ കെട്ടഴിഞ്ഞു. നിമിഷങ്ങള്‍ക്കകം പൈപ്പുകള്‍ മുന്നിലേക്ക് തെറിച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷെറിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
പൈപ്പുകള്‍ ദേഹമാസകലം തുളച്ചുകയറിയതോടെ ഷെറിന് ഗുരുതരമായി പരുക്കേറ്റു. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്.

Post a Comment

Previous Post Next Post