തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ മഴ തകർക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നത് വലിയ ആശ്വാസമാണ്. എല്ലാ ജില്ലകളിലും വരുന്ന 20ാം തീയതി വരെ ഗ്രീൻ അലർട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഈ മുന്നറിയിപ്പുകളില്‍ മാറ്റം സംഭവിച്ചേക്കാം.
കള്ളക്കടല്‍ ജാഗ്രത നിർദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Post a Comment