ചെറുപുഴ: ഉരുള്‍പൊട്ടലിനെയും മലവെള്ളപ്പാച്ചലിനെയും തുടർന്ന് ജോസ്ഗിരി ഇന്നും ഒറ്റപ്പെട്ട നിലയില്‍.കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചലും ഉണ്ടായത്. വീടുകള്‍ക്കും കൃഷിക്കും വ്യാപക നാശമുണ്ടായി.
വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ഹെക്ടർ കണക്കിന് സ്ഥലങ്ങള്‍ കുത്തിയൊലിച്ചു പോകുകയും ചെയ്തു. നാശം സംഭവിച്ചവർ: ജോസ്ഗിരിയിലെ മേത്തല റൂബി മാത്യു, കലുങ്കല്‍ മേഴ്സി തോമസ്, കല്ലൂർ റെജി, കുറ്റ്യാത്ത് ബിജോയി, പേരാട്ടുക്കുന്നേല്‍ വിജയകുമാർ, പേരാട്ടുക്കുന്നേല്‍ സുരേഷ്കുമാർ, പേരാട്ടുക്കുന്നേല്‍ ശശീന്ദ്രൻ, താണപറമ്പില്‍ മനോജ്, മത്തായി പുത്തൻപുര, പുതുവേലില്‍ ബിജു എന്നിവരുടെ വീടുകളും കൃഷിയിടങ്ങളും. താബോറിലെ കാരക്കാട്ടില്‍ രാജുവിന്റെ കൃഷിയിടവും ഉരുള്‍പൊട്ടലില്‍ നശിച്ചു.
രാജഗിരി-ജോസ്ഗിരി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതവും വൈദ്യുതി വിതരണവും പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി.
നശിച്ച ഒട്ടുമിക്ക വീടുകളും താമസയോഗ്യമല്ല. പല വീടുകളും തകർച്ചാ ഭീഷണിയിലാണ്. പല കുടുംബങ്ങളും ബന്ധുവീടുകളിലും അയല്‍വാസികളുടെ വീടുകളിലുമാണ് കഴിയുന്നത്. ദുരിതബാധിതരെ ഉടൻ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കൃഷിഭൂമി നശിച്ചവരും കടുത്ത പ്രതിസന്ധിയിലാണ്.

Post a Comment