പൊലീസ് യൂണിഫോം വാങ്ങാനുള്ള 7 ലക്ഷം ഓണ്‍ലൈൻ ഗെയിം കളിച്ച കൊല്ലം സ്വദേശി അറസ്റ്റില്‍; സര്‍വീസില്‍ നിന്ന് പുറത്താക്കി


പോലീസ് റിക്രൂട്ട് ട്രെയ്നികളില്‍ നിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ഓണ്‍ലൈൻ ബെറ്റിങ് ഗെയിമില്‍ നിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് ട്രെയ്നി അറസ്റ്റില്‍.പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനില്‍ ശംഭു ആർ. കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു.

പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച തുക ഓണ്‍ലൈൻ ബെറ്റിങ് ഗെയിമില്‍ നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.


എസ്‌എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ റിക്രൂട്ട് ട്രെയ്നികള്‍ക്കായി രൂപീകരിച്ച ഏഴംഗ യൂണിഫോം കമ്മിറ്റിയില്‍ അംഗമായിരുന്നു ശംഭു. എന്നാല്‍ പിരിച്ചെടുത്ത തുക ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടയ്ക്കാതിരുന്നതോടെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്.


നേരത്തെ ഐആർബിയില്‍ ജോലി ചെയ്തിരുന്നപ്പോഴും ശംഭു സമാന രീതിയില്‍ പണം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് അവിടെനിന്ന് രാജിവെച്ച ശേഷമാണ് ഇയാള്‍ കെഎപി 3 ബറ്റാലിയനില്‍ പ്രവേശിച്ചത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post