ഇടുക്കി: മകളുടെ പരാതിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി 18 മാസം ജയിലില്‍ കഴിഞ്ഞ അച്ഛന് ഒടുവില്‍ കോടതി മോചനം.
പ്രോസിക്യൂഷന് ആരോപണം തെളിയിക്കാനാകാതെ വന്നതോടെയാണ് കോടതി പിതാവിനെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ നഷ്ടമായ 18 മാസവും കുടുംബം അനുഭവിച്ച വേദനയും ഇനി ആര് തിരിച്ചുനല്‍കുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.പ്രായപൂർത്തിയാകാത്ത മകള്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായ വിവരം അച്ഛൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് അച്ഛൻ കുട്ടിയെ ശകാരിച്ചതെന്നും അമ്മ പറയുന്നു. എന്നാല്‍ പിന്നീട് കുട്ടിയെ അച്ഛൻ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു.
ജയിലില്‍ കഴിയുമ്പോഴും മകള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്ന കാര്യം വിശ്വസിക്കാൻ അച്ഛന് കഴിഞ്ഞിരുന്നില്ല. അതേസമയം, സംഭവത്തിന്റെ ആഘാതം കുടുംബത്തിലെ ഇളയ മകനെയും സാരമായി ബാധിച്ചു. സ്കൂളില്‍ പോകുന്നത് പോലും നിർത്തേണ്ടിവന്നു. നാട്ടുകാരുടെ പരിഹാസം ഭയന്നായിരുന്നു ഇത്. പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും മികച്ച വിജയം നേടിയിട്ടും പ്ലസ് വണ്ണിന് ചേർന്നില്ല. പണിതീരാത്ത വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ ചിത്രങ്ങള്‍ വരച്ചാണ് സമയം ചെലവഴിച്ചിരുന്നത്.
മകള്‍ ചെറുപ്പം മുതല്‍ ഹോസ്റ്റലിലാണ് പഠിച്ചിരുന്നതെന്നും അവധിക്കാലത്ത് ഏതാനും ദിവസങ്ങള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും അമ്മ പറയുന്നു. അതിനാല്‍ മകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസിക്കാൻ കുടുംബം തയ്യാറായില്ല.
Post a Comment