അപകടസൂചന നൽകിയ ആ സ്കൂൾ മണി; നേപ്പാളിൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത് 1600-ലധികം വിദ്യാർത്ഥികൾ


കാഠ്മണ്ഡു: മിന്നൽപ്രളയം ആഞ്ഞടിച്ച നേപ്പാളിൽ പ്രധാനാധ്യാപകന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് 1,643 വിദ്യാർത്ഥികളുടെ ജീവൻ. നുവാകോട്ട് ത്രിശൂലി താഴ്‌വരയിലെ ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും അധ്യാപകനുമായ രാജേന്ദ്ര ദവാഡിയുടെ (47) അവസരോചിതമായ തീരുമാനമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ബുധനാഴ്ച രാവിലെ 9:20-ഓടെയാണ് ഗ്രാമത്തിലേക്ക് പ്രളയജലം ഇരച്ചെത്തുന്ന വിവരം ഒരു സുഹൃത്ത് ഫോണിലൂടെ രാജേന്ദ്രയെ അറിയിക്കുന്നത്. നദിയിൽനിന്ന് ഏകദേശം 60 മീറ്റർ ഉയരത്തിൽ നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടമായതിനാൽ സ്കൂളിലേക്ക് വെള്ളം എത്തില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മിനിറ്റുകൾക്കകം ഒരു രക്ഷിതാവ് സ്കൂളിലെത്തി ജലനിരപ്പ് അസാധാരണ വേഗത്തിൽ ഉയരുന്ന വിവരം മുന്നറിയിപ്പായി നൽകി.
സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ, ഒട്ടും വൈകാതെ അപകടമണിയായി സ്കൂൾ ബെല്ലടിക്കാൻ നിർദ്ദേശം നൽകി. ക്ലാസ് മുറികൾ ഉടനടി ഒഴിപ്പിക്കാൻ അധ്യാപകർക്കും, സ്കൂളിലേക്ക് വരികയായിരുന്ന ബസുകൾ വഴിതിരിച്ചുവിടാൻ ജീവനക്കാർക്കും സന്ദേശം കൈമാറി. കുട്ടികളോടും ജീവനക്കാരോടും സമീപത്തെ കുന്നിൻമുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടു. പരിഭ്രാന്തരായി ചിതറിയോടിയ വിദ്യാർത്ഥികളിൽ ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഇരുചക്രവാഹനത്തിലാണ് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്.
കുട്ടികളും അധ്യാപകരും കുന്നിൻമുകളിലെ വലിയൊരു മരച്ചുവട്ടിൽ അഭയം കണ്ടെത്തി മിനിറ്റുകൾക്കകം ത്രിശൂലി നദിയിലെ മലവെള്ളപ്പാച്ചിൽ സ്കൂൾ കെട്ടിടത്തെ പൂർണ്ണമായും തകർത്തു തരിപ്പണമാക്കി. ആയിരക്കണക്കിന് കുട്ടികളെ രക്ഷിക്കാൻ സാധിച്ചെങ്കിലും സ്കൂളിലെ രണ്ട് ജീവനക്കാരെ ദുരന്തം കവർന്നു. സാധനങ്ങൾ എടുക്കാൻ നദീതീരത്തെ വാടകമുറിയിലേക്ക് പോയ അധ്യാപകൻ സന്തോഷ് പരിയാർ (32), സ്കൂൾ പൂട്ടാനായി തിരികെപ്പോയ ഓഫീസ് ജീവനക്കാരൻ സുൽത്താൻ ലാമ എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. കോൺക്രീറ്റ് കെട്ടിടം നിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ചെളിക്കൂമ്പാരം മാത്രമാണ് അവശേഷിക്കുന്നത്.

Post a Comment

Previous Post Next Post