ബംഗാളികൾ നാട്ടിലേക്ക് മടങ്ങുന്നു? ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി; കേരളത്തിന് മുട്ടൻ പണി കിട്ടുമോ!


കൊൽക്കത്ത: ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ബംഗാളിനെ വീണ്ടും വലിയൊരു വ്യവസായ-നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നും തൊഴിലാളികൾക്ക് മികച്ച വേതനത്തോടെയുള്ള സുരക്ഷിതമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും, ഇവർക്ക് ഗ്രാമീൺ റോസ്ഗർ ഗ്യാരന്റി കാർഡ് (GRGC) വഴി സ്ഥിരവരുമാനം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവിൽ 23 ലക്ഷത്തോളം പേരാണ് ബംഗാളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ തേടിപ്പോയിട്ടുള്ളത്.
ബംഗാൾ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് നിർമ്മാണ മേഖലയിലും തോട്ടം-ഹോട്ടൽ രംഗങ്ങളിലും വലിയ തോതിൽ അതിഥിത്തൊഴിലാളികളെ ആശ്രയിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയായേക്കാം. കേരളത്തിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളിൽ പകുതിയിലധികവും ബംഗാളിൽ നിന്നുള്ളവരാണ്. നേരത്തെ ബംഗാളിലെ തെരഞ്ഞെടുപ്പ് കാലത്ത് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയപ്പോൾത്തന്നെ കേരളത്തിലെ പല മേഖലകളിലും കടുത്ത തൊഴിൽക്ഷാമം നേരിട്ടിരുന്നു. അതിനാൽ, സ്വന്തം നാട്ടിൽ ഉയർന്ന വേതനം ലഭ്യമായാൽ അവർ പൂർണ്ണമായി മടങ്ങുമെന്ന സാധ്യത കേരളത്തിലെ വ്യവസായ-നിർമ്മാണ മേഖലകളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Post a Comment

Previous Post Next Post