ലോഡ്ജിൽ മുറിയെടുത്ത യുവാവ് വാതിൽ തുറക്കാതിരുന്നത് പരിഭ്രാന്തിയുയർത്തി


ആലക്കോട്: ലോഡ്ജിൽ മുറിയെടുത്ത് വാതിൽ തുറക്കാതെയും ഫോൺ സ്വിച്ചോഫ് ചെയ്തും അകത്തിരുന്ന യുവാവിന്റെ പരാക്രമം ലോഡ്ജ് അധികൃതരെയും പോലീസിനെയും വലച്ചു. ആലക്കോട് ടൗണിലെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പാലക്കാട് കാരാകുറിശ്ശി സ്വദേശിയായ 39 കാരനാണ് പരിഭ്രാന്തി പരത്തിയത്.
രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. ഇയാളെ കാണാൻ പലരുമെത്തിയിരുന്നു. ഇതിന് ശേഷമാണ് വാതിൽ അടച്ച് അകത്തിരുന്നത്. ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതിനെത്തുടർന്ന് ലോഡ്ജ് അധികൃതർ ഫോൺ വിളിച്ചുവെങ്കിലും സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടുകയും ചെയ്തിരുന്നു.
പല തവണ വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതെ വരികയും പ്രതികരണമൊന്നും ഇല്ലാതെ വരികയും ചെയ്തതോടെ ലോഡ്ജ് അധികൃതർ പരിഭ്രാന്തിയിലായി. വിവരമറിയിച്ചതിനെത്തുടർന്ന് ആലക്കോട് പോലീസ് സ്ഥലത്തെത്തി വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി. ഈ സമയം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവാവ്. പോലീസ് തട്ടി വിളിച്ചപ്പോഴാണ് ഇയാൾ എഴുന്നേറ്റത്. 'ഉറങ്ങി'പ്പോയതെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ബന്ധുക്കളുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ലോഡ്ജിൽ നിന്ന് ഇയാളെ മാറ്റിയത്.

Post a Comment

Previous Post Next Post