ആധുനിക യുഗത്തില്‍ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
എന്നാല്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണത്തിലും ആർത്തവ പരിപാലനത്തിലും ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എ ഐ) വരുത്തുന്ന മാറ്റങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇന്നത്തെ കാലത്ത് ലക്ഷക്കണക്കിന് സ്ത്രീകളാണ് തങ്ങളുടെ ആർത്തവചക്രം കൃത്യമായി മനസ്സിലാക്കാനും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മുൻകൂട്ടി അറിയാനും വിവിധ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത്.
തിരക്കുപിടിച്ച ജീവിതശൈലിയും മാനസിക സമ്മർദങ്ങളും കാരണം സ്വന്തം ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാൻ കഴിയാത്ത സ്ത്രീകള്‍ക്ക് ഈ ആപ്പുകള്‍ വലിയൊരു ആശ്വാസമായി മാറിക്കഴിഞ്ഞു. ഇന്നത്തെ അതിവേഗ ലോകത്ത് മിക്ക സ്ത്രീകളും കടുത്ത ജോലിത്തിരക്കുകളിലൂടെയും ഹെക്റ്റിക് ആയ ജീവിതസാഹചര്യങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
ഈ ഓട്ടപ്പാച്ചിലിനിടയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ആർത്തവ തീയതികള്‍, അപ്പോഴൊക്കെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍, മൂഡ് വ്യത്യാസങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ പലരും എളുപ്പത്തില്‍ മറന്നുപോകുന്നു. ഡോക്ടറെ സന്ദർശിക്കുമ്പോള്‍ പോലും തങ്ങളുടെ അവസാന ആർത്തവ തീയതി കൃത്യമായി ഓർത്തെടുക്കാൻ ഭൂരിഭാഗം സ്ത്രീകള്‍ക്കും സാധിക്കാറില്ല. ഇവിടെയാണ് പിരീഡ് ട്രാക്കിങ് ആപ്പുകള്‍ സ്ത്രീകളുടെ രക്ഷകനായി മാറുന്നത്. കേവലം തീയതികള്‍ കുറിച്ചുവെക്കുന്ന കലണ്ടറുകള്‍ എന്നതിനപ്പുറം, സ്ത്രീ ശരീരത്തിലെ ഹോർമോണ്‍ വ്യതിയാനങ്ങളെയും ലക്ഷണങ്ങളെയും കൃത്യമായി വിശകലനം ചെയ്യാൻ ഈ ആപ്പുകള്‍ക്ക് സാധിക്കുന്നുണ്ട്.
ഇന്ത്യൻ ആപ്പുകള്‍
ഇന്ത്യയിലെ സ്ത്രീകളുടെ മാറുന്ന ആരോഗ്യ ആവശ്യങ്ങളെ മുൻനിർത്തി നിരവധി ആപ്ലിക്കേഷനുകളാണ് ഇന്ന് രാജ്യത്ത് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ നിർമിത ആപ്പായ 'അസൻ പിരീഡ് ട്രാക്കർ' പോലുള്ളവ സ്ത്രീകളുടെ ആരോഗ്യത്തിനൊപ്പം അവർ ഉപയോഗിക്കുന്ന ആർത്തവ ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വരെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്.
കൂടാതെ ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ വർഷങ്ങളായി വിശ്വസ്തതയോടെ ഉപയോഗിക്കുന്ന ഒന്നാണ് 'മായ' എന്ന ആപ്ലിക്കേഷൻ. ലളിതമായ ഡിസൈനും പ്രാദേശിക ഭാഷകളിലുള്ള പിന്തുണയും കൃത്യമായ പ്രവചനങ്ങളുമാണ് സാധാരണക്കാരായ ഇന്ത്യൻ സ്ത്രീകള്‍ക്കിടയില്‍ മായ ആപ്പിനെ ഇത്രയധികം ജനപ്രിയമാക്കിയത്. സ്മാർട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ഇന്ത്യൻ പെണ്‍കുട്ടികളുടെയും ഫോണുകളില്‍ ഇന്ന് ഇത്തരം ആപ്പുകള്‍ ഒരു പ്രധാന ഇടം നേടിക്കഴിഞ്ഞു.
പ്രാദേശിക ആപ്പുകള്‍ക്കൊപ്പം തന്നെ ആഗോളതലത്തില്‍ വൻ വിജയമായ 'ഫ്ലോ', 'ക്ലൂ' തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കും ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. 'ഫ്ലോ' ആപ്പ് അതിൻ്റെ സങ്കീർണമായ എ ഐ അല്‍ഗോരിതം ഉപയോഗിച്ച് ഗർഭധാരണത്തിനുള്ള സാധ്യതകളും ശാരീരിക ലക്ഷണങ്ങളും കൃത്യമായി വിശകലനം ചെയ്യുമ്പോള്‍, ശാസ്ത്രീയമായ ഡാറ്റകള്‍ക്ക് മുൻഗണന നല്‍കുന്ന 'ക്ലൂ' ആപ്പ് പി സി ഒ എസ് പോലുള്ള രോഗലക്ഷണങ്ങള്‍ തിരിച്ചറിയാൻ സ്ത്രീകളെ സഹായിക്കുന്നു.
Post a Comment