ഇൻ്റർനെറ്റ് സ്പീഡ് കുറഞ്ഞ് ബുദ്ധിമുട്ടുകയാണോ? ചെലവില്ലാതെ വൈഫൈ റേഞ്ച് കൂട്ടാം

ഇന്ന് ഇന്റർനെറ്റ് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. സ്മാർട്ട്‌ഫോൺ, ലാപ്ടോപ്പ് തുടങ്ങി നിരവധി ഉപകരണങ്ങൾക്കായി വീടുകളിലും ഓഫീസുകളിലും നമ്മൾ പ്രധാനമായും ആശ്രയിക്കുന്നത് വൈഫൈ (Wi-Fi) കണക്ഷനുകളെയാണ്. എന്നാൽ പലപ്പോഴും വൈഫൈയ്ക്ക് വേണ്ടത്ര റേഞ്ചോ സ്പീഡോ ലഭിക്കാത്തത് ഒരുപാട് പേരെ ബുദ്ധിമുട്ടിക്കാറുണ്ട്. പ്രധാനപ്പെട്ട ഓൺലൈൻ മീറ്റിംഗുകളിലോ മറ്റോ പങ്കെടുക്കുമ്പോൾ സിഗ്നൽ നഷ്ടപ്പെടുന്നത് പലർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. എന്നാൽ നിങ്ങളുടെ വീട്ടിലെ വൈഫൈ സ്പീഡ് കൂട്ടാൻ വളരെ ലളിതമായ ഒരു പൊടിക്കൈ ഉണ്ട്. നമ്മുടെയൊക്കെ അടുക്കളകളിൽ സാധാരണയായി കാണുന്ന അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.
ഇതുകേൾക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. എന്നാൽ വളരെ ലളിതമായ ഒരു വിദ്യയാണിത്. ഇതിനായി ഒരു ചെറിയ കാർഡ്ബോർഡ് റോളിൽ അലുമിനിയം ഫോയിൽ പേപ്പർ നന്നായി ചുറ്റിയെടുക്കുക. ശേഷം ഇത് നിങ്ങളുടെ വൈഫൈ റൂട്ടറിന്റെ ആന്റിനയ്ക്ക് പിന്നിലായി ഉറപ്പിച്ചു നിർത്തുക. ഇവിടെ അലുമിനിയം ഫോയിൽ ഒരു മികച്ച റിഫ്ലക്ടർ (Reflector) ആയി പ്രവർത്തിക്കുകയും റൂട്ടറിൽ നിന്നുള്ള റേഡിയോ തരംഗങ്ങളെ കൂടുതൽ ദൂരത്തേക്ക് കൃത്യമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ഇതിലൂടെ നിങ്ങളുടെ വീട്ടിലെ വൈഫൈ സിഗ്നലിന്റെ കരുത്തും ഇന്റർനെറ്റ് സ്പീഡും എളുപ്പത്തിൽ വർദ്ധിപ്പിക്കാൻ സാധിക്കും. യാതൊരുവിധ അധികച്ചെലവുകളുമില്ലാതെ തയ്യാറാക്കാവുന്ന ഇത്തരം റിഫ്ലക്ടറുകൾ വൈഫൈ റേഞ്ച് കൂട്ടാൻ സഹായിക്കുമെന്ന് ഡാർട്ട്മൗത്ത് (Dartmouth) സർവകലാശാലയിലെ ഗവേഷകരും നടത്തിയ പഠനങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post