തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പന ചരിത്രനേട്ടത്തിലേക്ക്. നറുക്കെടുപ്പിന് 18 ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് ഇതുവരെ വിറ്റഴിഞ്ഞത് 59 ലക്ഷം ടിക്കറ്റുകളാണ്. ഇതുവഴി സർക്കാരിലേക്ക് എത്തിയത് 230.10 കോടി രൂപയുടെ വരുമാനമാണ്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. 500 രൂപ മുഖവിലയുള്ള ടിക്കറ്റുകൾക്ക് വൻ സ്വീകാര്യതയാണ് വിപണിയിൽ ലഭിക്കുന്നത്. ഒരു ടിക്കറ്റിന് 390 രൂപയും 28 ശതമാനം ജിഎസ്ടിയുമാണ് ഏജന്റുമാർ സർക്കാരിലേക്ക് നൽകുന്നത്. ആകെ ലഭിച്ച തുകയിൽ 125.54 കോടി രൂപ സമ്മാനത്തുകയായും 12.55 കോടി രൂപ ഏജൻസി കമ്മീഷനായും വകയിരുത്തേണ്ടതുണ്ട്.
കഴിഞ്ഞ നാല് വർഷമായി ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ അത് 5 കോടി കൂടി ഉയർത്തി 30 കോടിയാക്കിയതാണ് ആവശ്യക്കാരുടെ എണ്ണം കുത്തനെ കൂട്ടിയത്. പത്ത് വർഷം മുൻപ് 10 കോടിയായിരുന്ന സമ്മാനത്തുകയാണ് ഇന്ന് 30 കോടിയിലെത്തി നിൽക്കുന്നത്.
സെപ്റ്റംബർ 26 ശനിയാഴ്ചയാണ് ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. കേരളത്തിന് പുറത്തുനിന്നുള്ളവരും വൻതോതിൽ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. നറുക്കെടുപ്പ് ദിവസത്തിന് മുൻപ് വിൽപ്പനയിൽ പുതിയ റെക്കോർഡുകൾ കുറിക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.

Post a Comment