തിരുവനന്തപുരം: കേരളത്തിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം മാത്രം സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തിയത് 10,943 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ മലപ്പുറം ജില്ലയിലാണ്; 2,496 പേരാണ് ഇവിടെ മാത്രം ഒ.പിയിലെത്തിയത്.
മറ്റ് ജില്ലകളിലെ കണക്കുകൾ: തൃശൂർ - 1,036, പാലക്കാട് - 965, കോഴിക്കോട് - 937, എറണാകുളം - 890, കാസർകോട് - 857, കണ്ണൂർ - 732, തിരുവനന്തപുരം - 678, ആലപ്പുഴ - 518, വയനാട് - 514, പത്തനംതിട്ട - 415, കൊല്ലം - 388, ഇടുക്കി - 282, കോട്ടയം - 235.
സാധാരണ പനിക്ക് പുറമെ പകർച്ചവ്യാധികളും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ 31 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. സെപ്റ്റംബർ മാസത്തിൽ ഇതുവരെ 73,679 പേർ പനിബാധിതരായി ചികിത്സ തേടിയപ്പോൾ 432 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു.
സർക്കാർ ആശുപത്രികളിലെ കണക്കുകൾ മാത്രമാണിത് എന്നതിനാൽ യഥാർഥ രോഗികളുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാകാനാണ് സാധ്യത. ചൂട് കൂടിയതോടെ കൊതുകുജന്യ രോഗങ്ങൾ പെരുകാൻ ഇടയായിട്ടുണ്ട്. കൊതുക് നശീകരണമുൾപ്പെടെയുള്ള മുൻകരുതലുകളിലും പ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യവകുപ്പിന് ഉണ്ടായ വീഴ്ചയാണ് രോഗവ്യാപനം ഇത്രയധികം രൂക്ഷമാകാൻ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Post a Comment