പനി വന്നാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ ആദ്യം പറയുന്ന മുന്നറിയിപ്പുകളില്‍ ഒന്നാണ് കുളിക്കരുത് എന്നത്. പ്രത്യേകിച്ച് പനി കൂടുതലാണെങ്കില്‍ വെള്ളം തൊടുന്നത് പോലും വലിയ അപകടമാണെന്ന് വിശ്വസിക്കുന്നവരുണ്ട്എന്നാല്‍ പനി സമയത്തെ കുളിയെക്കുറിച്ച് വൈദ്യശാസ്ത്രം പറയുന്നത് മറ്റൊന്നാണ്. പനി ഉണ്ടെന്ന കാരണത്താല്‍ മാത്രം കുളിക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതില്ല. സാധാരണയായി 38 ഡിഗ്രി സെല്‍ഷ്യസോ അതിന് മുകളിലോ ശരീര താപനില ഉയരുമ്പോഴാണ് പനി ഉണ്ടാകുന്നത്. ഇത് അണുബാധയ്‌ക്കെതിരെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്.
എന്നാല്‍ കുളിക്കുമ്പോള്‍ വെള്ളത്തിന്റെ താപനിലയും രീതിയും ഏറെ ശ്രദ്ധിക്കണം. ശരീരം പെട്ടെന്ന് തണുപ്പിക്കാന്‍ വേണ്ടി ഐസ് വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ കുളിക്കുന്നത് വലിയ ആപത്താണ്. ഇത് ശരീരത്തിന് വിറയലുണ്ടാക്കുകയും ആന്തരിക താപനില വീണ്ടും ഉയരാന്‍ കാരണമാവുകയും ചെയ്യും. പനി കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യം ഇളംചൂടുവെള്ളമാണ്. ഇത് ശരീരത്തിന് ആശ്വാസം നല്‍കുകയും വിയര്‍പ്പും ചൂടും മൂലമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. അതേസമയം, കുളിച്ചതുകൊണ്ട് മാത്രം പനിയുടെ യഥാര്‍ത്ഥ കാരണം മാറില്ലെന്നും ഓര്‍ക്കണം. വൈറല്‍ അണുബാധയാണെങ്കില്‍ അതിന്റേതായ ചികിത്സ തന്നെ തേടേണ്ടതുണ്ട്.പനിയുടെ സമയത്ത് ശരീരം വിയര്‍ക്കുന്ന രീതിയില്‍ കട്ടിയുള്ള വസ്ത്രങ്ങളും പുതപ്പുകളും ഉപയോഗിച്ച് പൊതിഞ്ഞു കിടക്കുന്നതും ഒഴിവാക്കണം. കട്ടി കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. കുളിക്കാന്‍ തീരുമാനിച്ചാല്‍ ഇളംചൂടുവെള്ളം മാത്രം ഉപയോഗിക്കുക, ഏറെ നേരം കുളിക്കാതിരിക്കുക, കുളിച്ച ഉടന്‍ ശരീരം നന്നായി തുടച്ച് ഉണങ്ങിയ വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുളിക്കുമ്പോള്‍ വിറയലോ തലകറക്കമോ അമിത ക്ഷീണമോ തോന്നിയാല്‍ ഉടന്‍ കുളി നിര്‍ത്തേണ്ടതാണ്.
കുളിക്കുന്നതിനേക്കാള്‍ ഉപരി ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കുക, വെള്ളം, സൂപ്പ് തുടങ്ങിയ ദ്രാവകങ്ങള്‍ ധാരാളം കുടിച്ച് നിര്‍ജലീകരണം തടയുക എന്നിവയാണ് പ്രധാനം. പനി മാറിയില്ലെങ്കില്‍ സ്വയം ആന്റിബയോട്ടിക്കുകള്‍ കഴിക്കാതെ കൃത്യമായ വൈദ്യസഹായം തേടുക. ശ്വാസതടസ്സം, നെഞ്ചുവേദന, ശക്തമായ തലവേദന, തുടര്‍ച്ചയായ ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു കാരണവശാലും ഡോക്ടറെ കാണാന്‍ വൈകരുത്.

Post a Comment