ആലക്കോട് ബീക്കണ്‍ ടൗണ്‍ പദ്ധതിക്ക് തുടക്കം


ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ ആലക്കോട് ടൗണിനെ ബീക്കണ്‍ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കു തുടക്കമായി.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേർന്നു. ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണു പ്രവർത്തനങ്ങള്‍.ആദ്യഘട്ടത്തില്‍ ഒക്ടോബർ രണ്ടിനകം പൂർത്തിയാക്കാവുന്ന ശുചിത്വ, മാലിന്യസംസ്കരണ, സൗന്ദര്യവത്കരണ പ്രവർത്തനങ്ങള്‍ നടപ്പാക്കും. ടൗണിനു ചുറ്റുമുള്ള 500 മീറ്റർ മുതല്‍ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശമാണു പദ്ധതിക്കായി പരിഗണിക്കുന്നത്.
പദ്ധതി പ്രദേശത്തെ ശുചിത്വനിലവാരം വിലയിരുത്താൻ ബെയ്സ്ലൈൻ സർവേ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും കണ്ടെത്തി അടിയന്തര കർമപദ്ധതി തയാറാക്കും. മാലിന്യം വലിച്ചെറിയുന്നതും ദുർഗന്ധം വമിക്കുന്നതുമായ സ്ഥലങ്ങള്‍ ശുചീകരിക്കുക, പൊതുശുചിമുറികള്‍ പ്രവർത്തനക്ഷമമാക്കുക, മാലിന്യശേഖരണവും സംസ്കരണവും ശക്തിപ്പെടുത്തുക, അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങള്‍. ജനകീയ പങ്കാളിത്തത്തോടെ ക്ലീനിംഗ് ഡ്രൈവുകളും സംഘടിപ്പിക്കും. ശുചിത്വനിലവാരം വിലയിരുത്തുന്നതിനായി മൂല്യനിർണയ സംവിധാനവും ഏർപ്പെടുത്തും.


Post a Comment

Previous Post Next Post