തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബർ 25-നകം മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നത്.
വകുപ്പിൽ നിന്നുള്ള വിവിധ സേവനങ്ങൾ കൃത്യമായും സുഗമമായും ലഭ്യമാകുന്നതിന് ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെങ്കിലും, ഇതിനായി പ്രത്യേക അവസാന തീയതിയോ സമയപരിധിയോ നിഷ്കർഷിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ പൊതുജനങ്ങൾ ഇത്തരം വ്യാജവാർത്തകളിൽ ആശങ്കപ്പെടരുതെന്ന് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.
ഉപഭോക്താക്കൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ സ്വന്തമായി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. sarathi.parivahan.gov.in എന്ന പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ എന്ന ഓപ്ഷൻ വഴി മൊബൈൽ നമ്പർ ലൈസൻസുമായി ബന്ധിപ്പിക്കാം. സ്വന്തമായി ഇത് ചെയ്യാൻ സാധിക്കാത്തവർ മാത്രം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മതിയെന്നും, ഔദ്യോഗിക വിവരങ്ങൾക്കായി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലെ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും എം.വി.ഡി വ്യക്തമാക്കി
.

Post a Comment