തിരുവനന്തപുരം: കേരളത്തിൽ മഴയുടെ സ്വഭാവത്തിൽ വലിയ തോതിലുള്ള മാറ്റം പ്രകടമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). സംസ്ഥാനത്തെ ചെറിയ പ്രദേശങ്ങളിൽ പോലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യുന്ന പ്രവണത വർധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് അടുത്തിടെ പലയിടങ്ങളിലും ഉണ്ടായ അപ്രതീക്ഷിത മഴയും മലവെള്ളപ്പാച്ചിലും മേഘവിസ്ഫോടനം (Cloudburst) മൂലമല്ലെന്ന് ഐഎംഡി തിരുവനന്തപുരം ഡയറക്ടർ നിത കെ. ഗോപാൽ അറിയിച്ചു. അന്തരീക്ഷ താപനില വർധിക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഇടിമേഘങ്ങളുടെ സാന്നിധ്യമാണ് പ്രാദേശികമായി കുറഞ്ഞ സമയത്തിൽ കനത്ത മഴ പെയ്യാൻ പ്രധാന കാരണം.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് പെട്ടെന്നുണ്ടാകുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിൻ്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി നിർദേശിച്ചു. അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Post a Comment