കള്ളുഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് കള്ള് നല്‍കിയ സംഭവത്തില്‍ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു.പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലാണ് സംഭവം. 16 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയുമാണ് കഴിഞ്ഞ ശനിയാഴ്ച ഷാപ്പിലെത്തി കള്ള് കുടിച്ചത്. തുടർന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടിക്ക് ഛർദിയുണ്ടാവുകയും മുനമ്പം ഭാഗത്ത് ബസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ റോഡരികില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതോടെ മുനമ്പം പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. വൈദ്യപരിശോധനയിലാണ് അമിതമായി കള്ള് ഉള്ളില്‍ ചെന്നതാണ് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ വടക്കൻ പറവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുട്ടികള്‍ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്നത് അന്വേഷണത്തിലാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
Post a Comment