ന്യൂഡൽഹി: ഇടപാടുകാരെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തി സെപ്റ്റംബർ 27, 28, 29 തീയതികളിൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഒടുവിൽ മാറ്റിവെച്ചു. അവസാന നിമിഷം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ സെപ്റ്റംബർ 27-ന് രാത്രി 9:30-ന് നടത്തിയ നിർണായക ചർച്ചയിലാണ് സമരം നീട്ടിവെക്കാൻ തീരുമാനമായത്.
പണിമുടക്ക് നോട്ടീസിലെ പ്രധാന ആവശ്യങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിൽ വിശദമായ ചർച്ചയ്ക്ക് ശേഷം ധാരണയിലെത്തുകയായിരുന്നു. ഇതോടെയാണ് പ്രക്ഷോഭ പരിപാടികളും പണിമുടക്കും തൽക്കാലത്തേക്ക് മാറ്റിവെച്ചതായി യു.എഫ്.ബി.യു നേതാക്കൾ അടിയന്തര വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ഐബിയ (AIBEA), ഐബോക് (AIBOC), എൻസിബിഇ (NCBE), ഐബോവ (AIBOA), ബെഫി (BEFI), ഇൻബെഫ് (INBEF), ഇൻബോക് (INBOC) എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ധാരണയുടെ പൂർണ്ണവിവരങ്ങൾ ഉടൻ പുറത്തുവിടും.
സമരം മാറ്റിവെച്ചതോടെ സെപ്റ്റംബർ 27, 28, 29 തീയതികളിൽ രാജ്യത്തെ ബാങ്കിങ് പ്രവർത്തനങ്ങൾ മുടങ്ങാതെ സാധാരണ നിലയിൽ തുടരും.

Post a Comment