വയനാട്: സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയില്‍.സുല്‍ത്താൻ ബത്തേരി സ്റ്രേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ടി സാബിത്തിനെ എറണാകുളം കളമശേരിയില്‍ നിന്നാണ് പിടികൂടിയത്. സംഭവം നടന്ന് പത്താംദിവസമാണ് ഇയാള്‍ പിടിയിലായത്.
സ്റ്രേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പ്രതി മോഷ്ടിച്ചത്. ജൂണ്‍ 7ന് ബത്തേരിയില്‍വച്ച് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇത്. ഇവ കോടതിയില്‍ ഹാജരാക്കി തിരികെ സൂക്ഷിക്കാൻ ഏല്‍പ്പിച്ച തൊണ്ടിമുതലാണ്.
സെപ്തംബർ 10ന് മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കളവ് ബോധ്യപ്പെട്ടത്. സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് സാബിത്ത് മുറിതുറന്ന് ചാക്കുകെട്ടുകള്‍ സ്വന്തം വാഹനത്തിലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സാബിത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍പോയത്.
Post a Comment