ശബരിമലയില്‍ അരവണ നിയന്ത്രണം തുടരുന്നു; ഒരു തീര്‍ത്ഥാടകന് ഒരു ടിന്ന് മാത്രം


തിരുവനന്തപുരം: ശബരിമലയില്‍ അരവണ നിയന്ത്രണം തുടരുന്നു. ഒരു തീർത്ഥാടകന് ഒരു ടിൻ അരവണ മാത്രമാണ് നല്‍കുന്നത്. പ്ലാന്റിന്റെ പുന:നിർമ്മാണം നടക്കുന്നതിനാലാണ് ക്രമീകരണം.കഴിഞ്ഞ 20 ദിവസമായി നിർമ്മാണ പ്രവർത്തികള്‍ കാരണം പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. കന്നിമാസ പൂജയ്‌ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും കരുതല്‍ സ്റ്റോക് ഉറപ്പാക്കുന്നതില്‍ വിഴ്‌ചയുണ്ടായെന്ന വിമ‌ർശനം ശക്തമാണ്. മാസപൂജയ്‌ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ തിരക്കുവന്നെന്നാണ് ദേവസ്വം ബോർഡ് നല്‍കുന്ന വിശദീകരണം.
വിവാദങ്ങള്‍ക്കിടെ ദേവസ്വം പ്രസിഡന്റിനോടുള്ള അതൃപ്‌തി പരസ്യമാക്കിയിരിക്കുകയാണ് മന്ത്രി കെ മുരളീധരൻ. ശബരിമല നട തുറന്ന സമയത്ത് നവീകരണ പ്രവർത്തികള്‍ നടത്തിയതിനെതിരെ വിമർശനം ഉയർത്തിയതിനൊപ്പം ദേവസ്വം പ്രസിഡന്റിനോട് അഭിപ്രായവ്യത്യാസമുണ്ടെന്നും മന്ത്രി തുറന്നുപറഞ്ഞു.
'ശബരിമല നട അടച്ച സമയങ്ങളിലാണ് നവീകരണ പ്രവർത്തികള്‍ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് പ്രവർത്തികള്‍ നടത്തിയത്. ഇപ്പോള്‍തന്നെ ഇതാണ് അവസ്ഥയെങ്കില്‍ മണ്ഡലകാലത്ത് എന്താകും അവസ്ഥയെന്നാണ് ഭക്തരുടെ ആശങ്ക. ഒരിക്കലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ വിജിലന്റായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് സാധിക്കാത്തത് വിഴ്‌ച. ഇതുപോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ മന്ത്രിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. ശബരിമലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രസിഡന്റിനെ അല്ലല്ലോ വിമർശിക്കുക. മന്ത്രിയെയും സർക്കാരിനെയുമല്ലേ'- കെ മുരളീധരൻ പറഞ്ഞു.

Post a Comment

Previous Post Next Post