ഗുവാഹട്ടി: ഭാര്യയെ കൊലപ്പെടുത്തി തല അറുത്തെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ മുപ്പതുകാരന്‍ ഓടിക്കൊണ്ടിരിക്കുന്ന പോലീസ് വാഹനത്തില്‍ നിന്നും ചാടിമരിച്ചു.ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം രാമാനുജ് ഗോസ്വാമിയെ ഹടികോണ്‍ പോലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
നരകാസുര്‍ പഹാറിന് സമീപം വെച്ച് ഗോസ്വാമി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടുകയുമായിരുന്നുവെന്ന് ഹടികോണ്‍ പോലീസ് അറിയിച്ചു. കൊക്കയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് രക്ഷപ്പെടുത്തി ജി.എം.സി.എച്ചില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 3-ന് ഗുവാഹട്ടിയിലെ ഫ്‌ലാറ്റില്‍ വെച്ച് 25 കാരിയായ ഭാര്യ റിയ താലുല്‍ദാറിനെ കൊലപ്പെടുത്തിയ കേസിലാണ് ഗോസ്വാമി അറസ്റ്റിലായത്. ഭാര്യ തന്നെ ചതിക്കുന്നുവെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കറുത്ത പോളിത്തീന്‍ ബാഗില്‍ നിന്ന് യുവതിയുടെ തലയും വിരലുകളും കണ്ടെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 6-ന് കീഴടങ്ങിയ ഇയാളെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
സെപ്റ്റംബര്‍ 8-ന് പോലീസ് ഇയാളെ കൃഷിയിടത്തിലേക്കും കുറ്റകൃത്യം നടന്ന സ്ഥലത്തേക്കും കൊണ്ടുപോയപ്പോള്‍ കൊലപാതകത്തില്‍ യാതൊരു കുറ്റബോധവുമില്ലെന്നും തനിക്ക് പശ്ചാത്താപമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. താന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രക്തക്കറയുള്ള കത്തിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നുവെന്നും ഫ്‌ലാറ്റില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും ഗോസ്വാമി പറഞ്ഞിരുന്നു. ഗോസ്വാമിക്ക് ലഹരിമരുന്ന് ഉപയോഗിക്കുന്ന ശീലമുണ്ടെന്നും, ആരോഗ്യ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും, 2019-ല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിയയുടെ കുടുംബം ആരോപിച്ചിരുന്നു. പോലീസ് ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
Post a Comment