കണ്ണൂര്‍ ജയിലില്‍ 'സാമ്പാര്‍ കലാപം'; തടവുകാരന് സ്റ്റീല്‍ ഗ്ലാസ് കൊണ്ട് കുത്തേറ്റു


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ 'സാമ്പാർ കലാപം'. സാമ്പാർ കൂടുതല്‍ നല്‍കിയില്ല എന്ന വൈരാഗ്യത്താല്‍ തടവുകാരൻ സഹ തടവുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ദിവസം ഗുളിക ഭക്ഷണത്തിന് മുൻപ് നല്‍കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂർ സബ് ജയിലില്‍ ഒരു തടവുകാരൻ ജയില്‍ ജീവനക്കാരനെ മർദിച്ചതിന് പിന്നാലെയാണ് വീണ്ടും കണ്ണൂരിലെ തന്നെ ജയിലില്‍ നിന്ന് വീണ്ടുമൊരു അ‌ക്രമം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തടവുകാർ തമ്മില്‍ ഉണ്ടായിരിക്കുന്ന അ‌ടിപിടി സാമ്പാറിനെ ചൊല്ലിയാണ്, ഈ 'സാമ്പാർ' സംഘർഷത്തില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയല്‍ പോത്തുകെട്ടിയിലെ രാമൻകുട്ടി (56) ക്കാണ് പരിക്കേറ്റത്.
അഞ്ചാം ബ്ലോക്കിലെ തടവുകാരനായ കിരണ്‍രാജ് ഷെട്ടിയാണ് രാമൻകുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവ ദിവസം പ്രഭാതഭക്ഷണം വിളമ്പിയത് രാമൻകുട്ടിയാണ്. ഇഡ്ഡലിയുടെ കൂടെ കൂടുതല്‍ സാമ്പാർ വേണമെന്ന് കിരണ്‍രാജ് രാമൻകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ തടവുകാർക്കും തുല്യമായ രീതിയില്‍ മാത്രമേ കറി വിളമ്പാൻ പാടൂള്ളൂ എന്നാണ് നിർദേശമെന്ന് രാമൻകുട്ടി പറഞ്ഞു.
മറുപടി കേട്ട് പ്രകോപിതനായ കിരണ്‍രാജ് രാമൻകുട്ടിയെ പിടിച്ചുതള്ളുകയും സ്റ്റീല്‍ഗ്ലാസുകൊണ്ട് നെറ്റിയില്‍ കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് വിവരം. തലയ്ക്ക് മുറിവേറ്റ രാമൻകുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം ഇതേ സെൻട്രല്‍ ജയിലില്‍ തന്നെ രണ്ട് കാപ്പാ തടവുകാർ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് കുത്തേറ്റ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post