തളിപ്പറമ്പ :പരിയാരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. പരിയാരം ചുടല സ്ട്രീറ്റ് നമ്പർ ഒൻപതിലെ മാടാളൻ വീട്ടില്‍ എം.ങഷഫീറിന്റെ (49) വീട്ടിലാണ് ആരുമില്ലാത്ത തക്കംനോക്കി മോഷ്ടാക്കള്‍ വിലസിയത്. 58 ഗ്രാം സ്വർണവും 36,000 രൂപയും ഉള്‍പ്പെടെ 8,69,460 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.
പള്ളിയില്‍ പോയ തക്കം നോക്കി മോഷണം
ഓഗസ്റ്റ് 31-ന് രാത്രി 9.30-നും ചൊവ്വാഴ്ച (സെപ്റ്റംബർ 1) പുലർച്ചെ 1.30-നും ഇടയിലായിരുന്നു സംഭവം. നബിദിന ആഘോഷങ്ങള്‍ക്കായി വീട്ടുകാർ എല്ലാവരും പള്ളിയില്‍ പോയതായിരുന്നു. ഈ സമയത്താണ് വീടിന്റെ പിൻഭാഗത്തെ വെന്റിലേറ്റർ തകർത്ത് മോഷ്ടാവ് അകത്തുകടന്നത്. തിരികെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സാധനങ്ങള്‍ നഷ്ടപ്പെട്ടതായും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അന്വേഷണം ഊർജിതമാക്കി പോലീസ്
വിവരമറിഞ്ഞയുടൻ പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. കവർച്ചയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Post a Comment