2,700 രൂപയ്ക്ക് വാങ്ങുന്ന കാന്‍സര്‍ മരുന്നിന് 27,000 രൂപ എംആര്‍പി; 'ഇത് പകല്‍കൊള്ളയല്ലെങ്കില്‍ മറ്റെന്താണ്?': സുപ്രിംകോടതി


ഡല്‍ഹി: നിര്‍മാതാക്കള്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍ക്കുന്ന വിലയും മരുന്നുകളുടെ പാക്കറ്റില്‍ രേഖപ്പെടുത്തുന്ന പരമാവധി ചില്ലറവിലയും തമ്മിലുള്ള വലിയ അന്തരം ചോദ്യം ചെയ്ത് സുപ്രിംകോടതി.2,700 രൂപയ്ക്ക് ചില്ലറ വില്‍പ്പനക്കാരന് നല്‍കുന്ന ഒരു മരുന്നിന് 27,000 രൂപ പരമാവധി ചില്ലറവില നിശ്ചയിക്കുന്നത് 'കൊള്ള'യാണെന്ന് കോടതി രൂക്ഷമായി നിരീക്ഷിച്ചു.
മരുന്നുകളുടെ വിലനിയന്ത്രണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
'അത് കൊള്ളയല്ലെങ്കില്‍ പിന്നെ എന്താണ്? മരുന്നുകള്‍ വാങ്ങാന്‍ ആളുകള്‍ വീടുകള്‍ വില്‍ക്കുന്നു, ആഭരണങ്ങള്‍ വില്‍ക്കുന്നു' ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.
കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അവശ്യ മരുന്നുകളിലൊന്നിന് ചില്ലറ വില്‍പ്പനക്കാരനുള്ള വില 2,700 രൂപ മാത്രമാണെന്നും എന്നാല്‍ അതിന്റെ പാക്കറ്റില്‍ 27,000 രൂപ എംആര്‍പി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി കടുത്ത പ്രതികരണം നടത്തിയത്.
'2,700 രൂപയ്ക്ക് നിര്‍മാതാവ് ചില്ലറ വില്‍പ്പനക്കാരന് നല്‍കുന്ന മരുന്നിന്റെ എംആര്‍പി 27,000 രൂപയാണ്. പത്തിരട്ടി! ഇത് സമ്പൂര്‍ണമായ അരാജകത്വമാണ്. പകല്‍ കൊള്ളയാണ്. 2,700 രൂപയ്ക്ക് നിര്‍മാതാവ് നല്‍കുന്ന മരുന്നിന് 27,000 രൂപ എംആര്‍പി എങ്ങനെ രേഖപ്പെടുത്താന്‍ കഴിയുന്നു? രോഗിയെ എങ്ങനെ ഇത്തരത്തില്‍ വഞ്ചിക്കാന്‍ കഴിയും?'' ജസ്റ്റിസ് മേത്ത ചോദിച്ചു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അധികാരികള്‍ മൗനം പാലിക്കുന്നതിലും കോടതി അത്ഭുതം പ്രകടിപ്പിച്ചു. ''ഇതിന് പിന്നിലെ കാരണം ഞങ്ങള്‍ പ്രത്യേകം പറയേണ്ടതില്ല'' എന്നും ജസ്റ്റിസ് മേത്ത നിരീക്ഷിച്ചു.
'എന്തിനാണ് ഇത്ര വലിയ വിലവ്യത്യാസം?'
നിര്‍മാതാവ് ചില്ലറ വില്‍പ്പനക്കാരന് നല്‍കുന്ന വിലയുടെ പല മടങ്ങ് എംആര്‍പി നിശ്ചയിക്കാന്‍ എന്തിനാണ് അനുമതി നല്‍കുന്നതെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം.

''ഒരു മരുന്ന് യഥാര്‍ഥത്തില്‍ അതിന്റെ എംആര്‍പിയുടെ 10 ശതമാനം വിലയ്ക്കാണ് നിര്‍മാതാവ് ചില്ലറ വില്‍പ്പനക്കാരന് നല്‍കുന്നതെങ്കില്‍, എന്തിനാണ് ഇത്രയും ഉയര്‍ന്ന എംആര്‍പി? എന്തിനാണ് ഈ വിലവ്യത്യാസം?'' ജസ്റ്റിസ് മേത്ത ചോദിച്ചു.
കിഷന്‍ ചന്ദ് ജെയിന്‍, ഡോ. സഞ്ജയ് കുല്‍ശ്രേഷ്ഠ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് വാദം നടന്നത്. മരുന്നുകളുടെ വിലനിയന്ത്രണം, ജനറിക് മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഡോക്ടര്‍മാരുടെ കുറിപ്പടി രീതികള്‍ തുടങ്ങിയ വിഷയങ്ങളാണ് ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്നത്.
82 ശതമാനം മരുന്നുകളും വിലനിയന്ത്രണത്തിന് പുറത്താണെന്ന് ഹരജിക്കാരന്‍
കിഷന്‍ ചന്ദ് ജെയിന്‍ നേരിട്ട് ഹാജരായി വാദിച്ചു. ഡ്രഗ്‌സ് (പ്രൈസസ് കണ്‍ട്രോള്‍) ഓര്‍ഡര്‍, 2013 പ്രകാരം 'ഷെഡ്യൂള്‍ഡ്' മരുന്നുകള്‍ക്ക് വിലപരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും 'നോണ്‍-ഷെഡ്യൂള്‍ഡ്' മരുന്നുകളുടെ പ്രാരംഭ വില നിശ്ചയിക്കുന്നതില്‍ കാര്യമായ നിയന്ത്രണമില്ലെന്നായിരുന്നു പ്രധാന വാദം.

Post a Comment

Previous Post Next Post