2024-ലെ പരാജയത്തിന് പകരംവീട്ടി ഇന്ത്യ; ലങ്കയെ തകര്‍ത്ത് എട്ടാം വനിതാ ഏഷ്യകപ്പ് കിരീടത്തില്‍ മുത്തമിട്ടു

ദൂബായില്‍ നടന്ന വനിതാ ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ എട്ടാം തവണയും കിരീടം സ്വന്തമാക്കി.ഇന്ത്യ മുന്നോട്ടുവെച്ച 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി നാല് വിക്കറ്റെടുത്ത ശ്രീചരണിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. ശ്രീലങ്കൻ നിരയില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ഉയർന്ന സ്കോറർ. നിലാക്ഷിക സില്‍വ (22), വിഷ്മി ഗുണരത്നെ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഈ ജയത്തോടെ ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ കൂടുതല്‍ ശക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. അർധ സെഞ്ചറികള്‍ നേടിയ ഓപ്പണർമാരായ ഷെഫാലി വർമയുടെയും (39 പന്തില്‍ 68) സ്മൃതി മന്ഥനയുടെയും (39 പന്തില്‍ 59) മികവിലാണ് ഇന്ത്യ വമ്പൻ സ്കോർ പടുത്തുയർത്തിയത്. ഇവർക്ക് പുറമെ റിച്ച ഘോഷ് (17), ജി. കമാലിനി (15), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (14) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് സംഭാവന നല്‍കി.

Post a Comment

Previous Post Next Post