കാഠ്മണ്ഡു: പ്രളയക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നേപ്പാളിൽ നിന്ന് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത പുറത്ത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം കവർന്നെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കനത്ത മഴയെയും മിന്നൽ പ്രളയത്തെയും തുടർന്ന് വ്യാപക നാശനഷ്ടങ്ങളും വൻ ജീവഹാനിയുമാണ് രാജ്യത്തുണ്ടായത്. ഇതിനിടയിലാണ് മനുഷ്യത്വത്തിന് നിരക്കാത്ത ഈ സംഭവം അരങ്ങേറിയത്. ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടന്ന സ്ത്രീയുടെ മൃതദേഹം ഒരു തടിക്കഷണം ഉപയോഗിച്ച് അടുത്തേക്ക് വലിച്ചടുപ്പിച്ച ശേഷം, തലമുടിയിൽ പിടിച്ച് കാതിലെ ആഭരണങ്ങൾ ഊരിയെടുക്കുകയായിരുന്നു. പ്രവൃത്തി പൂർത്തിയാക്കിയ ഉടൻ തന്നെ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ഈ ക്രൂരത നോക്കിനിൽക്കുന്ന നാട്ടുകാരുടെ സാന്നിധ്യവും ദൃശ്യങ്ങളിൽ കാണാം. വീഡിയോ എക്‌സ് (പഴയ ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ള ആളുകൾ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. പ്രകൃതിദുരന്തത്തിന്റെ ഭീകരതയേക്കാൾ ഭയാനകമാണ് ഇത്തരം മനുഷ്യത്വരഹിതമായ കാപാലികത്വമെന്ന് പലരും ചൂണ്ടിക്കാട്ടി.
Post a Comment