ഓട്ടോയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു; എംവിഡിക്കെതിരെ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി


മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കി ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തു. കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഷൗക്കത്ത് (35) ആണ് ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷം ജീവനൊടുക്കിയത്.
കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉപജീവനമാർഗ്ഗമായ ഓട്ടോറിക്ഷയ്ക്ക് ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നാണ് യുവാവിന്റെ പ്രധാന ആരോപണം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഓഫീസിനെ സമീപിച്ചപ്പോൾ മാസങ്ങളോളം ഫിറ്റ്നസ് നൽകാതെ വലച്ചതായും കുറിപ്പിൽ വ്യക്തമാക്കുന്നു.
വാഹനത്തിന് ഫിറ്റ്‌നസ് ലഭിക്കാതായതോടെ വരുമാനം നിലയ്ക്കുകയും വായ്പാ തിരിച്ചടവ് ഉൾപ്പെടെ മുടങ്ങി കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാവുകയും ചെയ്തുവെന്ന് ഷൗക്കത്ത് കുറിച്ചു. വാഹനത്തിൽ സ്റ്റീൽ വർക്ക് ഉണ്ടെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചത്. എന്നാൽ മുൻപ് രണ്ടുതവണ ഇതേ വാഹനം പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകിയതും ഇതേ വകുപ്പ് തന്നെയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
തന്റെ മരണം നിലവിലുള്ള അഴിമതി നിറഞ്ഞ സംവിധാനത്തോടുള്ള പ്രതിഷേധമാണെന്നും, ആഭ്യന്തര വകുപ്പും ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ട് സമഗ്ര അന്വേഷണം നടത്തി തനിക്ക് നീതി ഉറപ്പാക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഷൗക്കത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post