ഭര്‍ത്താവിന് അവസാന മുത്തം; അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞ് വീണു മരിച്ചു



പാലാ: ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് തൊട്ടുപിന്നാലെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫിന്റെ (കുര്യച്ചന്‍ - 73) സംസ്‌കാര ശുശ്രൂഷകള്‍ വീട്ടില്‍ നടക്കുന്നതിനിടെയാണ് ഭാര്യ ഷേര്‍ലി കുര്യന്‍ (71) കുഴഞ്ഞുവീണത്.ഭവനത്തിലെ ഒന്നാം ഘട്ട ശുശ്രൂഷകള്‍ പൂര്‍ത്തിയായി അന്ത്യചുംബനം നല്‍കിയ ഉടന്‍ കുഴഞ്ഞുവീണ ഷേര്‍ലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 15-ന് ഉച്ചയോടെയാണ് കുര്യച്ചന്‍ അന്തരിച്ചത്. തുടര്‍ന്ന് വസതിയിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദാരുണമായ സംഭവം. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവന്‍ ഉപദേശക സമിതി അംഗവുമായിരുന്ന കുര്യച്ചന്‍ പാലായിലെ അറിയപ്പെടുന്ന ആദ്യകാല വ്യാപാരി കൂടിയാണ്. എടത്വ പച്ച കാവില കുടുംബാംഗമാണ് അന്തരിച്ച ഷേര്‍ലി.
എയ്ഞ്ചല കുര്യന്‍, അന്ന കുര്യന്‍, എബി കുര്യന്‍ എന്നിവരാണ് മക്കള്‍. ലിയോ മൈക്കിള്‍ പറമുണ്ടയില്‍ (മേതിരി), ജോണ്‍ വിന്‍സന്റ് കണ്ടിരിക്കല്‍ (തൊടുപുഴ), സോന മാത്യു കൊട്ടാരത്തില്‍ (മുട്ടുചിറ) എന്നിവര്‍ മരുമക്കളാണ്. ഷേര്‍ളിയുടെ മൃതദേഹം രാവിലെ ഒന്‍പതിന് വീട്ടിലെത്തിക്കും. തുടര്‍ന്ന് പതിനൊന്ന് മണിയോടെ ഭവനത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കല്ലറയില്‍ ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച്‌ നടത്തും.

Post a Comment

Previous Post Next Post