'ഒരു രാജ്യം, ഒരു സമയം'; ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ് ടൈം മാത്രം, പുതിയ നിയമവുമായി കേന്ദ്രം


ഡല്‍ഹി: രാജ്യത്തെ നിയമപരവും ഭരണപരവും വാണിജ്യപരവുമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) ഏക ഔദ്യോഗിക സമയ മാനദണ്ഡമായി കേന്ദ്ര സർക്കാർ നിർബന്ധമാക്കി.
ഇതിന്റെ ഭാഗമായി Legal Metrology (Indian Standard Time) Rules, 2026 കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തു.
ഓഗസ്റ്റ് 27ന് വിജ്ഞാപനം ചെയ്ത പുതിയ ചട്ടങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് 180 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. സർക്കാർ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബിസിനസ് മേഖലകള്‍ക്കും നിലവിലുള്ള സംവിധാനങ്ങളില്‍ ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്താൻ സമയം നല്‍കുന്നതിനാണ് ഈ ഇടക്കാലം.
ബാങ്കിങ്, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ടെലികമ്മ്യൂണിക്കേഷൻ, റെയില്‍വേ, വൈദ്യുതി ഗ്രിഡുകള്‍, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകള്‍ തുടങ്ങി കൃത്യവും ഏകീകൃതവുമായ ടൈംസ്റ്റാമ്പുകള്‍ ആവശ്യമായ നിരവധി മേഖലകളിലാണ് പുതിയ സമയ മാനദണ്ഡം പ്രധാനമായും ബാധകമാകുക. വ്യത്യസ്ത സമയ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിലെ പൊരുത്തക്കേടുകള്‍ പ്രവർത്തനങ്ങളുടെ ഏകോപനത്തെയും രേഖപ്പെടുത്തലിനെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഏകീകൃത സമയക്രമത്തിലേക്ക് നീങ്ങുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കും
'വണ്‍ നേഷൻ, വണ്‍ ടൈം' പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സ്ഥാപനങ്ങളിലൂടെയും ലീഗല്‍ മെട്രോളജി ലബോറട്ടറികളിലൂടെയും കൃത്യമായ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ കേന്ദ്രം വികസിപ്പിച്ചുവരികയാണ്. ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ NavIC ഉള്‍പ്പെടെയുള്ള അംഗീകൃത ഇന്ത്യൻ ടൈമിംഗ് സ്രോതസ്സുകള്‍ ഉപയോഗിക്കാനും പുതിയ ചട്ടങ്ങള്‍ അവസരം നല്‍കുന്നു.

Post a Comment

Previous Post Next Post