കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്തില്‍ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകർന്ന് മകനുപിന്നാലെ വീട്ടമ്മയും മരിച്ചു.
റെജീന ജോണി ആണ് മരിച്ചത്. റെജീനയുടെ മകൻ ജോസഫിൻ ജോണിയുടെ (24) മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ജോസഫിൻ അപകടത്തില്‍ കാലിന് പരിക്കേറ്റ് വീട്ടില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുരന്തത്തില്‍ അകപ്പെട്ടത്. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്ന് പത്ത് മീറ്റർ മാറി വീടിന്റെ മേല്‍ക്കൂര തകർന്നുകിടന്നതിന്റെ അടിയില്‍ നിന്നാണ് റെജീനയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയിലാണ്. പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. മകനും മകനും മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഉരുള്‍പൊട്ടിയതിന് പിന്നാലെതന്നെ നാട്ടുകാർ ഇങ്ങോട്ടേയ്ക്ക് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. റെജീനയുടെ വീടിന്റെ തൊട്ടുപിൻവശത്തുള്ള കുന്നിലാണ് ഉരുള്‍പൊട്ടിയത്. വീട് പൂർണമായും തകർന്നു. വീടിന്റെ മുന്നിലുണ്ടായിരുന്ന വാഹനങ്ങളും പൂർണമായും തകർന്നു.
റെജീനയുടെ രണ്ടാമത്തെ മകനാണ് ജോസഫിൻ. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് കാന്റീൻ ജീവനക്കാരനായിരുന്നു. ഒരുമാസം മുൻപ് ഈരാറ്റുപേട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടർന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. റെജീന പയ്യാനിത്തോട്ടം ഹോളിസ്‌പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയാണ്. എം ജെ ജോണി സ്‌കൂള്‍ ബസ് ഡ്രൈവറാണ്. പെണ്‍മക്കള്‍ രണ്ടുപേരും എറണാകുളത്താണ്.

Post a Comment