ഭീതി പരത്തി പെരുമ്പാമ്പ്; ആലക്കോട് ടൗൺ പരിസരത്ത് നിന്ന് സുരക്ഷിതമായി വലയിലാക്കി

 


ആലക്കോട്: ടൗണിന് സമീപത്തെ കൊട്ടാരം റോഡ് - മോറാനി ബൈപ്പാസ് പരിസരത്ത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി കൂറ്റൻ പെരുമ്പാമ്പ്. പുഴയോരത്തോട് ചേർന്നുള്ള മരത്തിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശവാസികൾ പാമ്പിനെ കണ്ടത്.

ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ നാട്ടുകാർ ഉടൻതന്നെ വിവരം വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവറായ ഉദയഗിരി സ്വദേശി മനുവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അദ്ദേഹം, നാട്ടുകാരുടെ സഹായത്തോടെ നടത്തിയ സാഹസികമായ പരിശ്രമങ്ങൾക്കൊടുവിൽ രാത്രി പതിനൊന്നോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി.

വളരെ വലിപ്പമുള്ള പെരുമ്പാമ്പിനെ പിന്നീട് സ്വാഭാവിക വനമേഖലയിലേക്ക് തുറന്നുവിടാനായി കൊണ്ടുപോയി. ഏറെ നേരം നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ച പെരുമ്പാമ്പിനെ പരിക്കുകളൊന്നുമില്ലാതെ പിടികൂടാനായതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്.

Post a Comment

Previous Post Next Post