ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കാസർകോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന് നേരെ കർണാടക ബിഡദിയില്‍ മുട്ടയേർ.
ബുധനാഴ്ച രാത്രി 9.30നായിരുന്നു സംഭവം. അഞ്ചോളം വരുന്ന അജ്ഞാത സംഘമാണ് ഓടിക്കൊണ്ടിരുന്ന ബസിന് നേരെ മുട്ട എറിഞ്ഞത്.
ആദ്യത്തെ മുട്ടയേർ ഏറ്റ ഉടൻ ഡ്രൈവർ വേഗത കുറച്ചതിനാല്‍ വൻ അപകടം ഒഴിവായി. മുട്ടയേറ് നടത്തിയ ശേഷം സംഘം ഓടിയൊളിക്കാൻ ശ്രമിക്കാത്തത് ദുരൂഹത ഉയർത്തുന്നുണ്ട്. പ്രദേശത്ത് കേരള രജിസ്ട്രേഷൻ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.ശനിയാഴ്ച കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അതേ സ്ഥലത്താണ് ഇത്തവണയും ആക്രമണമുണ്ടായത്. ആ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. സമാനമായ സാഹചര്യമാണോ അന്നുണ്ടായതെന്ന സംശയം ശക്തമാണ്. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് കേരള ഗതാഗത മന്ത്രി നിർദേശം നല്‍കി. മലയാളി അസോസിയേഷൻ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരും അറിയിച്ചു.
Post a Comment