പുകയില പ്രേമികള്‍ക്ക് തിരിച്ചടി; ഗുട്കയ്ക്കും പാൻമസാലയ്ക്കും കര്‍ണാടകയില്‍ കര്‍ശന നിരോധനം! വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍


പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ വില്‍പ്പന കർണാടക സർക്കാർ നിരോധിച്ചു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതുപ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ ഉത്പാദനം, സൂക്ഷിക്കല്‍, കടത്തല്‍, വിതരണം, വില്‍പ്പന എന്നിവ ഒരു വർഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്.ഗുട്കയ്ക്കും പാൻമസാലയ്ക്കും പുറമെ നിക്കോട്ടിനോ പുകയിലയോ അടങ്ങിയ മറ്റ് എല്ലാ ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഏത് പേരിലാണ് ഇവ അറിയപ്പെടുന്നത് എന്നതോ പാക്ക് ചെയ്തതാണോ അല്ലയോ എന്നതോ പരിഗണിക്കാതെ എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഇവയുടെ നിർമ്മാണമോ വില്‍പ്പനയോ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അഭ്യർത്ഥിച്ചു.
പുകയില നിയന്ത്രണത്തിന്റെ ഭാഗമായി കർണാടക സർക്കാർ നേരത്തെയും കർശന നടപടികള്‍ സ്വീകരിച്ചിരുന്നു. സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി 18-ല്‍ നിന്ന് 21 ആയി ഉയർത്തുകയും, ലൂസ് സിഗരറ്റ് വില്‍പ്പനയും ഹുക്കാ ബാറുകളും നിരോധിക്കുകയും ചെയ്തിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കുകയും നിയമലംഘനത്തിനുള്ള പിഴത്തുക വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post