ആലക്കോട്: രയരോം പള്ളിപ്പടി-ബീംബുംകാട്-എരുവാട്ടി റോഡ് പൂർണമായും തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏകദേശം എട്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള പ്രധാന റോഡാണിത്. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിന്റെ രണ്ട് കിലോമീറ്ററോളം ഭാഗം പൂർണമായും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
1960-കളിൽ നാട്ടുകാർ ശ്രമദാനത്തിലൂടെ നിർമിച്ചതാണ് ഈ പാത. പിന്നീട് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഏറ്റെടുത്ത റോഡ് നിലവിൽ ജില്ലാ പഞ്ചായത്തിന്റെ സംരക്ഷണയിലാണ് ഉള്ളത്. നിരവധി സ്കൂൾ വാഹനങ്ങളും മറ്റ് സ്വകാര്യ-യാത്രാ വാഹനങ്ങളും ദിവസേന ആശ്രയിക്കുന്ന പ്രധാന വഴിയാണിത്.
മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാകുന്നു. റോഡ് അടിയന്തരമായി റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ജില്ലാ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment